വിദേശപിച്ചുകളിൽ സിറാജ് അപകടകാരി: കാരണം ഇതെന്ന് ജഡേജ

ബുധന്‍, 18 ഓഗസ്റ്റ് 2021 (15:10 IST)
വിദേശപിച്ചുകളിൽ മുഹമ്മദ് സിറാജ് അപകടകാരിയാകാനുള്ള കാരണം എന്തെന്ന് വ്യക്തമാക്കി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അജയ് ജഡേജ. വാലറ്റക്കാരെ പുറത്താക്കുവാൻ ബൗളർമാർക്ക് വ്യത്യസ്‌തമായ പേസ് ആവശ്യമാണെന്നും സിറാജിന് ആ കഴിവുണ്ടെന്നും ജഡേജ പറയുന്നു.
 
സിറാജ് വളരെ ചെറുപ്പമാണ്. ഒരു ബൗളർ എന്ന നിലയിൽ അവൻ ഇനിയുമേറെ വളരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. വാലറ്റക്കാരെ പുറത്താക്കണമെങ്കില്‍ ബോളര്‍ക്കു വ്യത്യസ്തമായ പേസ് ആവശ്യമാണ്. അതു സിറാജിലുണ്ട്. ലോര്‍ഡ്സില്‍ അദ്ദേഹമതു കാണിച്ചു തന്നു.രണ്ടിന്നിങ്സിലെയും സിറാജിന്റെ പേസ് എടുത്തുപറയേണ്ടതാണ്. ബോള്‍ എതിര്‍ ബാറ്റ്സ്മാന്‍മാരിലേക്കു സ്‌കിഡ് ചെയ്യിക്കാന്‍ അദ്ദേഹത്തിനു കഴിയുന്നു. അധികം പേർക്കില്ലാത്ത മിടുക്കാണത്. ജഡേജ പറഞ്ഞു.
 
വേഗത കൊണ്ടാണ് സിറാജ് ബാറ്റ്സ്മാന്മാരെ ബീറ്റ് ചെയ്യുന്നത്. ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെ സാഹചര്യങ്ങള്‍ സിറാജിനെ സഹായിക്കുന്നുണ്ട്. ഇന്ത്യയിൽ പക്ഷേ സാഹചര്യങ്ങൾ വ്യത്യസ്‌തമാണ്. എങ്കിലും അവിടെയും വിജയിക്കാനാവശ്യമായ മിടുക്ക് സിറാജിനുണ്ട്. ജഡേജ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍