വെടിക്കെട്ടിന്റെ തമ്പുരാന്‍ വീണ്ടും ബാറ്റെടുക്കുന്നു; ഡിവില്ലിയേഴ്‌സിന്റെ മടങ്ങിവരവില്‍ ഞെട്ടി ആരാധകര്‍
വെള്ളി, 26 ഒക്‌ടോബര്‍ 2018 (18:02 IST)
ക്രിക്കറ്റ് ആരാധകരുടെ പ്രിയതാരമാണ് ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സ്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ടും വാഴ്‌ത്തലുകള്‍ക്കും സ്‌തുതി പാടലുകള്‍ക്കും അര്‍ഹനായി കൊണ്ടിരിക്കുകയാണ് എ ബി ഡി എന്ന ഓമനപ്പേരില്‍ അറിയിപ്പെടുന്ന ഡവില്ലിയേഴ്‌സ്.
അപ്രതീക്ഷിതമായെടുത്ത തീരുമാനത്തില്‍ നിന്നും ഡിവില്ലിയേഴ്‌സ് പിന്മാറുമെന്ന് വിശ്വസിക്കുന്ന ആരാധകര്‍ ഇപ്പോഴുമുണ്ട്. അങ്ങനെയൊരു മടങ്ങിവരവ് അദ്ദേഹം നടത്തില്ലെന്ന് എ ബി ഡിയുടെ ഉറ്റചങ്ങാതിയും ദക്ഷിണാഫ്രിക്കന്‍ ക്യാപ്‌റ്റനുമായ ഫാഫ് ഡൂപ്ലെസി വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ ആരാധകരെ കോരിത്തരിപ്പിക്കുന്ന പ്രകടനം പുറത്തെടുക്കാന്‍ വീണ്ടും ഒരുങ്ങുകയാണ് ഡിവില്ലിയേഴ്‌സ്. ദക്ഷിണാഫ്രിക്കയിലെ സാന്‍സി സൂപ്പര്‍ ലീഗിലൂടെയാണ് അദ്ദേഹം ട്വന്റി-20 ലീഗിലേക്കുള്ള മടങ്ങിവരവ് പ്രഖ്യാപിച്ചത്. ലീഗില്‍ ഷവാനെ സാപ്‍ര്‍ട്ടന്‍സിനു വേണ്ടിയാകും എബി കളിക്കുക.
ഇംഗ്ലണ്ട് ഏകദിന ടീം നായകന്‍ ഓയിന്‍ മോര്‍ഗനും ദക്ഷിണാഫ്രിക്കന്‍ താരം എന്‍ഡിഗിഡിയും, ഡീന്‍ എല്‍ഗറും ഡിവില്ലിയേഴ്സിന്റെ ടീമിലുണ്ട്. വെസ്‌റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് താരം ക്രിസ് ഗെയിലും അഫ്‌ഗാനിസ്ഥാന്‍ സ്‌പിന്നര്‍ റഷീദ് ഖാന്‍ എന്നിവരും ലീഗില്‍ കളിക്കുന്നുണ്ട്.