ഇന്ത്യന്‍ ടീം അത്ഭുതപ്പെടുത്തുന്നുവെന്ന് ജോണ്ടി റോഡ്സ്

തിങ്കള്‍, 9 മാര്‍ച്ച് 2015 (11:49 IST)
അച്ചടക്കവും മികച്ച എക്കണോമി നിരക്കും നിലനിര്‍ത്തിയുള്ള ലോകകപ്പിലെ ഇന്ത്യന്‍ ബോളര്‍മാരുടെ പ്രകടനം തന്നെ ശരിക്കും അത്ഭുതപ്പെടുത്തിയെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ജോണ്ടി റോഡ്സ്. ലോകകപ്പ് നിലനിര്‍ത്താനായി ബോളിംഗിലെ ഇന്ത്യയുടെ ഉദ്യമങ്ങള്‍ എതിരാളികളെ ശരിക്കും വെള്ളംകുടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പേസര്‍മാരും സ്പിന്നര്‍മാരും ഒരുപോലെ തിളങ്ങുന്നതാണ് ലോകകപ്പിലെ ഇന്ത്യയുടെ പ്രകടനത്തിന് മുതല്‍ കൂട്ടാവുന്നത്. മുഹമ്മദ് ഷമിയും ഉമേഷ് യാധവും മികച്ച രീതിയിലാണ് പന്തെറിയുന്നത്. കൂട്ടത്തില്‍ സ്പിന്നര്‍മാരും നിലവാരത്തിലേക്ക് എത്തിയതോടെയാണ് ടീം ഇന്ത്യ ശക്തരായതെന്നാണ് ജോണ്ടി റോഡ്സ് പറയുന്നത്. ഇന്ത്യയുടെ ബാറ്റിംഗ് ഏറെ ശക്തമാണെന്ന് ഏതൊരാള്‍ക്കും അറിയാം. എന്നാല്‍ അതിനൊപ്പം തന്നെ ബോളിംഗ് നിരയും മുന്നേറിയപ്പോള്‍ ഇന്ത്യ ജയങ്ങള്‍ സ്വന്തമാക്കുകയും ചെയ്തെന്നും അദ്ദേഹം പറഞ്ഞു.

അവസാന ഓവറുകളിലും പവര്‍ പ്ലേ ഓവറുകളിലും ഇന്ത്യന്‍ ബോളര്‍മാര്‍ മല്‍സരഗതി നിര്‍ണയിക്കുന്നതില്‍ ഏറെ പ്രധാനമായിരുന്നുവെന്നും റോഡ്സ് പറഞ്ഞു. അഞ്ച് സ്പെഷ്യലിസ്റ്റ് ബൗളര്‍മാരുമായി കളിക്കുന്നതാണ് ടീം ഇന്ത്യയുടെ മറ്റൊരു പ്രത്യേകതയെന്നും റോഡ്സ് പറഞ്ഞു. ഐഎഎന്‍എസിന് നല്‍കിയ അഭിമുഖത്തിലാണ് റോഡ്സ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക