രോഹിതിന് തകര്‍പ്പന്‍ സെഞ്ചുറി: കടുവകള്‍ക്ക് ലക്ഷ്യം 303

വ്യാഴം, 19 മാര്‍ച്ച് 2015 (13:12 IST)
ലോകകപ്പ് ക്രിക്കറ്റ് ക്വാ‌ർട്ടർ ഫൈനലിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് മികച്ച സ്‌കേര്‍. രോഹിത് ശര്‍മയുടെ സെഞ്ചുറിയുടെ (137) കരുത്തില്‍ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്‌ടത്തില്‍ 302 റണ്‍സെടുത്തു. 126 പന്തുകളില്‍ മൂന്ന് സിക്‍സറുകളും 14 ഫോറുകളും നേടിയാണ് രോഹിത് സെഞ്ചുറി നേടിയത്.

ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആ തീരുമാനത്തെ ശരിവെക്കുന്ന രീതിയിലായിരുന്നു ഇന്ത്യന്‍ ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മയും തുടങ്ങിയത്. അമിത ആവേശം കാണിക്കാതെ മോശം പന്തുകളെ മാത്രം തെരഞ്ഞെടുത്ത് ഇരുവരും ബൌണ്ടറികള്‍ കണ്ടെത്തിയതോടെ ഇന്ത്യന്‍ സ്‌കേര്‍ മുന്നേറുകയായിരുന്നു. മികച്ച ടോട്ടലിലേക്ക് നീങ്ങുന്ന വേളയിലാണ് ധവാന്റെ (30) വിക്കറ്റ് ഇന്ത്യക്ക് നഷ്‌ടമായത്. ഷാക്കിബ് അല്‍ ഹസന്റെ പന്തില്‍ മുഷ്‌ഫിക്കര്‍ റഹീം സ്‌റ്റ്‌ബ് ചെയ്ത് പുറത്താക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 75 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് ഉണ്ടാക്കിയത്.

മുന്നാമനായി ക്രീസിലെത്തിയ വിരാട് കോഹ്‌ലി 18മത് ഓവറില്‍ അനാവശ്യം ഷോട്ടിന് മുതിര്‍ന്ന് പുറത്താകുകയായിരുന്നു. റൂബെല്‍ ഹൊസൈന്റെ പന്തില്‍ വിക്കറ്റ് സമ്മാനിച്ചാണ് അദ്ദേഹം മടങ്ങിയത്. രണ്ടു വിക്കറ്റുകള്‍ അടുത്തടുത്ത ഓവറുകളില്‍ വീണതോടെ ഇന്ത്യ മെല്ലപ്പോക്കിലേക്ക് നീങ്ങുകയായിരുന്നു. രോഹിതും രഹാനെയും പതിയെ താളം കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും 28മത് ഓവറില്‍ അനാവശ്യ ഷോട്ടിന് മുതിര്‍ന്ന് രഹാനെ (19) പുറത്താകുകയായിരുന്നു. തസ്‌കിന്‍ അഹമ്മദിനായിരുന്നു വിക്കറ്റ്. ടീം തകരുമെന്ന വേളയിലാണ് രോഹിത്  റെയ്‌ന സഖ്യം കളി തിരിച്ചു പിടിച്ചത്.

മെല്ലെ തുടങ്ങിയ ഇരുവരും ബംഗ്ലാദേശിന്റെ കൈയില്‍ നിന്ന് കളി തിരിച്ചു പിടിക്കുകയായിരുന്നു. 122 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയ ശേഷം റെയ്‌ന (65) മഷ്‌റഫെ മെര്‍ത്താസയ്‌ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങുകയായിരുന്നു. പിന്നീട് 47മത് ഓവറില്‍ രോഹിത് പുറത്തായെങ്കിലും നായകന്‍ മഹേന്ദ്ര സിംഗ് ധോണിയും (6) രവീന്ദ്ര ജഡേജയും (23) രവിചന്ദ്ര അശ്വിനും (3) ചേര്‍ന്ന് അവസാന ഓവറുകളില്‍ ഇന്ത്യക്ക് മികച്ച സ്‌കേര്‍ സമ്മാനിക്കുകയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക