പീഡിറ്റിന്റെ പീഢനം; ഇന്ത്യ മികച്ച സ്കോറിലെത്താൻ പൊരുതുന്നു

വ്യാഴം, 3 ഡിസം‌ബര്‍ 2015 (19:25 IST)
ഡെയ്ൻ പീഡിറ്റിന്റെ പന്തുകൾ നേരിടുന്നത് എങ്ങനെയെന്ന് പഠിക്കാൻ ഇന്ത്യൻ ബാറ്റ്‌സ്മാൻമാർ എത്ര സമയമെടുക്കും എന്നതിനെ ആശ്രയിച്ചിരിക്കും ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യയുടെ ഭാവി. ഒന്നാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ ഏഴുവിക്കറ്റ് നഷ്ടത്തിൽ 231 എടുത്തിട്ടുണ്ട്. കഴിഞ്ഞ ടെസ്റ്റുകളെയൊക്കെ അപേക്ഷിച്ചുനോക്കുമ്പോൾ ഈ സ്കോർ എത്ര ഭേദമെന്ന് തോന്നുമെങ്കിലും കഴിഞ്ഞ ടെസ്റ്റുകളിലെ പിച്ചുകളുടെ ഗതിയല്ല ഫിറോസ് ഷാ കോഡ്‌ലയുടേത്. പീഡിറ്റ് ഇന്ന് എറിഞ്ഞിട്ടത് ഇന്ത്യയുടെ ശക്തമായ നാലുവിക്കറ്റുകളാണ്.
 
മുരളി വിജയ്(12), ശിഖർ ധവാൻ(33), വിരാട് കോഹ്‌ലി(44), രോഹിത് ശർമ(1) എന്നിവരാണ് പീഡിറ്റിന് വിക്കറ്റ് നൽകി മടങ്ങിയ മുൻനിര ബാറ്റ്സ്‌മാൻമാർ. പുറത്താകാതെ നിൽക്കുന്ന അജിൻക്യ രഹാനെ(89)യാണ് ഇന്ത്യയുടെ ടോപ് സ്കോറർ. പൂജാര(14), വൃദ്ധിമാൻ സാഹ(1), രവീന്ദ്ര ജഡേജ(24) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്സ്‌മാൻമാർ. ആറ് റൺസുമായി അശ്വിൻ പുറത്താകാതെ നിൽക്കുന്നു.
 
രഹാനെയും അശ്വിനും ചേർന്ന് രണ്ടാം ദിനം എങ്ങനെ പ്രതിരോധം പടുത്തുയർത്തും എന്നതിലാണ് ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയുടെ സ്കോർ മികച്ച നിലയിലെത്താനുള്ള സാധ്യത.
 
പീഡിറ്റിനെ കൂടാതെ അബോട്ടാണ് ഇന്ത്യൻ നിരയിൽ നാശം വിതച്ച ദക്ഷിണാഫ്രിക്കറ്റ് ബൗളർ. വെറും 23 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് അബോട്ട് പിഴുതത്.

വെബ്ദുനിയ വായിക്കുക