ആവേശപ്പോരില്‍ ലങ്ക ചാടിക്കടന്ന് പാക്കിസ്ഥാന്‍ സെമിയില്‍‍; ജയം മൂന്ന് വിക്കറ്റിന്

ചൊവ്വ, 13 ജൂണ്‍ 2017 (08:57 IST)
ഐ സി സി ചാമ്പ്യൻസ് ട്രോഫിയിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ വിജയത്തോടെ പാകിസ്ഥാൻ സെമിഫൈനലിലെത്തി. ലങ്ക ഉയര്‍ത്തിയ 237 റണ്‍സിന്റെ വിജയലക്ഷ്യം 31 പന്തും മൂന്നു വിക്കറ്റും ബാക്കി നിര്‍ത്തിയാണ് പാക്കിസ്ഥാന്‍ സെമിയിലെത്തിയത്. വാലറ്റക്കാരനായ മുഹമ്മദ് അമീറുമൊത്ത് പിരിയാത്ത എട്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ 75 റണ്‍സടിച്ച സര്‍ഫ്രാസ് അഹമ്മദാണ് പാക്കിസ്ഥാന്റെ വീരനായകന്‍.  സ്കോർ ശ്രീലങ്ക 49.2 ഓവറിൽ 236 എല്ലാവരും പുറത്ത്. പാകിസ്താൻ 44.5 ഓവറിൽ 7 വിക്കറ്റിന് 237 റൺസ്.  
 
കൈയില്‍ കിട്ടിയ സെമി ബര്‍ത്ത് കളഞ്ഞുകുളിച്ചതിന് ശ്രീലങ്കയ്ക്ക് സ്വയം പഴിക്കുക മാത്രമെ വഴിയുള്ളു. ജയത്തിലേക്ക് 40 റണ്‍സിന്റെ അകലമുള്ളപ്പോള്‍ മലിംഗയുടെ പന്തില്‍ സര്‍ഫ്രാസ് നല്‍കിയ അനായാസ ക്യാച്ച് അവിശ്വസനീയമായി നിലത്തിട്ട തിസാര പെരേരയാണ് ലങ്കന്‍ നിരയിലെ വില്ലനായത്. തുടര്‍ന്നാണ് നായകനൊത്ത കൂട്ടുമായി അമീര്‍ പാക് ജയത്തിലെ ഹീറോ ആയി മാറിയത്. ജയിക്കാന്‍ 31 റണ്‍സ് വേണ്ടപ്പോള്‍ സര്‍ഫ്രാസ് രണ്ടാമത് നല്‍കിയ അവസരം ഗുണതിലകെയും നിലത്തിടുകയായിരുന്നു. 
 
ഓപ്പണിംഗ് വിക്കറ്റില്‍ 74 റണ്‍സ് നേടിയ ശേഷമായിരുന്നു പാക്കിസ്ഥാന്റെ തകര്‍ച്ച. ഫക്കര്‍ സമന്‍(50), അസ്ഹര്‍ അലി(34) എന്നിവര്‍ നല്ലതുടക്കം നല്‍കിയെങ്കിലും മധ്യനിരയില്‍ പാക്കിസ്ഥാന് പിഴച്ചു. ബാബര്‍ അസം(10), മുഹമ്മദ് ഹഫീസ്(1), ഷൊയൈബ് മാലിക്(11), ഇമാദ് വാസിം(4). ഫാഹിം അഷ്റഫ്(15) എന്നിവര്‍ പെട്ടെന്ന് മടങ്ങിയപ്പോള്‍ പാക്കിസ്ഥാന്‍ തോല്‍വി മുന്നില്‍ കണ്ടു. എന്നാല്‍ തളരാത്ത പോരാട്ടവീര്യവുമായി പൊരുതി അമീറും സര്‍ഫ്രാസും ചേര്‍ന്ന് പാക്കിസ്ഥാന് അവിശ്വസനീയ ജയം സമ്മാനിച്ചു.
 

വെബ്ദുനിയ വായിക്കുക