സുരക്ഷ വര്‍ദ്ധിപ്പിക്കണം: ബിസിസിഐ

ചൊവ്വ, 3 മാര്‍ച്ച് 2009 (17:05 IST)
ലാഹോര്‍ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ കളിക്കാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് ന്യൂസിലാ‍ന്‍ഡ് ക്രിക്കറ്റ് ബോര്‍ഡിനോട് ബിസിസിഐ ആവശ്യപ്പെട്ടു. ലങ്കന്‍ കളിക്കാര്‍ക്ക് നേരെ നടന്ന ആക്രമണത്തെ ബിസിസിഐ അപലപിക്കുകയും ചെയ്തു.

ഇന്ത്യന്‍ ടീമിന് ഒപ്പമുള്ള മാനേജര്‍ നിരഞ്ചന്‍ ഷായെ ബന്ധപ്പെട്ട് ഇക്കാര്യം ആവശ്യപ്പെട്ടതായി ബിസിസിഐ പ്രസിഡന്‍റ് ശശാങ്ക് മനോഹര്‍ അറിയിച്ചു. അടുത്ത അഞ്ചുകൊല്ലത്തേക്ക് ഒരു രാജ്യവും പാകിസ്ഥാനിലേക്ക് കളിക്കാരെ അയയ്ക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പിലെ മത്സരങ്ങള്‍ പാകിസ്ഥാനില്‍ നടത്തണോ എന്ന് ഐസിസി പുനരാലോചിക്കണമെന്നും ശശാങ്ക് മനോഹര്‍ ആവശ്യപ്പെട്ടു.

വെല്ലിംഗ്ടണില്‍ നടന്ന രണ്ടാം ട്വന്‍റി-20ക്കിടെ ഗ്രൌണ്ടിലേക്ക് കാണികളില്‍ ഒരാള്‍ പ്ലാസ്റ്റിക് കുപ്പി വലിച്ചെറിഞ്ഞിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് ഇന്ത്യന്‍ താരങ്ങളുടെ സുരക്ഷ ന്യൂസിലാന്‍ഡ് കര്‍ശനമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക