ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ബാറ്റിംഗിനിറങ്ങിയ ഓസീസിന് തുടക്കത്തില്‍ തിരിച്ചടി നേരിട്ടെങ്കിലും ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗിന്‍റെ പ്രകടന മികവില്‍ കംഗാരുക്കള്‍ കളിയുടെ താളം വീണ്ടെടുത്തു. ആദ്യ ഓവറില്‍ തന്നെ സന്ദര്‍ശകര്‍ക്ക് ഓപ്പണര്‍ ഫിലിപ് ഹ്യൂഗ്സിന്‍റെ വിക്കറ്റ് നഷ്ടമായി. സ്റ്റെയ്ന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ബൌച്ചറിന് ക്യാച്ച് നല്‍കി ഹ്യൂഗ്സ് മടങ്ങുകയായിരുന്നു.
തുടര്‍ന്ന് എട്ടാമത്തെ ഓവറില്‍ സൈമണ്‍ കാറ്റിച്ചും പുറത്തായി. 25 പന്തില്‍ നിന്ന് കാറ്റിച്ച് മൂന്ന് റണ്‍സ് മാത്രമാണ് നേടിയത്. സ്റ്റെയ്ന് തന്നെയാണ് കാറ്റിച്ചിന്‍റെ വിക്കറ്റും ലഭിച്ചത്. തുടര്‍ന്നെത്തിയ ഹസിയും കാര്യമായ സംഭാവന നല്‍കാതെ മടങ്ങി. 4 റണ്‍സാണ് ഹസിയെടുത്തത്. മോര്‍ക്കെലിന്‍റെ പന്തില്‍ കാലിസ് പിടികൂടുകയായിരുന്നു.
തുടര്‍ന്ന് ക്രീസില്‍ ഒത്തുചേര്‍ന്ന ക്ലാര്‍ക്കും പോണ്ടിംഗുമാണ് ഓസീസ് സ്കോര്‍ ചലിപ്പിച്ചത്. അര്‍ദ്ധസെഞ്ച്വറി നേടി ക്യാപ്റ്റന് മികച്ച പിന്തുണ നല്‍കിയ ക്ലാര്‍ക്ക് 68 റണ്‍സെടുത്ത് പുറത്തായി. സ്റ്റെയ്ന്‍റെ പന്തില്‍ ക്ലാര്‍ക്കിനെ ബൌച്ചര്‍ പിടികൂടി. തുടര്‍ന്ന് 83 റണ്‍സെടുത്ത് പോണ്ടിംഗും പുറത്തായി.
വൈകിട്ട് ചായയ്ക്ക് പിരിയുമ്പോള്‍ ഓസീസിന് അഞ്ചുവിക്കറ്റുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം മൂന്ന് പുതുമുഖങ്ങളെ ഒന്നിച്ച് അണിനിരത്തിയാണ് റിക്കി പോണ്ടിംഗ് ഗ്രൌണ്ടിലിറങ്ങിയത്. ഫാസ്റ്റ് ബൌളര്‍ ബെന്‍ ഹിഫെന്‍ഹോസ്, മാര്‍ക്കസ് നോര്‍ത്ത്, ഫിലിപ് ഹ്യൂഗ്സ് എന്നിവരാണ് ഓസീസിന്‍റെ അന്തിമ ഇലവനില്‍ ഇടം നേടിയ പുതുമുഖങ്ങള്‍. കഴിഞ്ഞ ടെസ്റ്റില്‍ ഓസീസിനെ പരാജയപ്പെടുത്തിയ അതേ ടീമിനെ തന്നെയാണ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി സ്മിത്ത് അണിനിരത്തിയിരിക്കുന്നത്.
അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ പരമ്പരയിലെ ഓരോ മത്സരവും ഓസീസിന് പ്രധാനമാണ്. മൂന്ന് ടെസ്റ്റുകളുള്ള പരമ്പര സമനിലയില്‍ ആയാലും റിക്കി പോണ്ടിംഗിനും കൂട്ടര്‍ക്കും ഒന്നാമന്‍മാരായി തുടരാം.
ടെസ്റ്റ് റാങ്കിംഗില്‍ 126 പോയിന്‍റാണ് ഓസീസിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയ്ക്ക് 121 പോയിന്‍റാണുള്ളത്. 118 പോയിന്‍റുമായി ഇന്ത്യ മൂന്നാം സ്ഥാനത്തും 109 പോയിന്‍റുമായി ശ്രീലങ്ക നാലാം സ്ഥാനത്തുമുണ്ട്.