അപ്രതീക്ഷിതമായി വിരുന്നിനെത്തിയ ഐപിഎല്‍ മാമാങ്കത്തെ വരവേല്‍ക്കാന്‍ തന്നെയാണ് ദക്ഷിണാഫ്രിക്കക്കാരുടെ തീരുമാനം. ഉദ്ഘാടന മത്സരങ്ങളുടെ ടിക്കറ്റുകള്‍ ഏതാനും മണിക്കൂറുകള്‍ കൊണ്ടാണ് വിറ്റുതീര്‍ന്നത്.
ഇന്ത്യയില്‍ നിന്നും ടൂര്‍ണ്ണമെന്‍റ് ദ്രുതഗതിയില്‍ മാറ്റിയപ്പോള്‍ കാണികളെ കിട്ടുമോ എന്നായിരുന്നു ലളിത് മോഡിയും കൂട്ടരും ആശങ്കപ്പെട്ടിരുന്നത്. എന്നാല്‍ ടിക്കറ്റ് വില്‍പനയുടെ ആദ്യ പ്രതികരണങ്ങള്‍ തന്നെ ഈ ആശങ്ക അസ്ഥാനത്താക്കി. വമ്പന്‍ പ്രചാരമാണ് ദക്ഷിണാഫ്രിക്ക ടൂര്‍ണ്ണമെന്‍റിന് നല്‍കുന്നത്.
ആകര്‍ഷകമായ ടിക്കറ്റ് നിരക്കാണ് കാണികളെ കൂട്ടാന്‍ പ്രധാന കാരണം. ഇന്ത്യന്‍ കറന്‍സി എഴുപത് രൂപയാണ് കുറഞ്ഞ ടിക്കറ്റ് നിരക്ക്. ഏറ്റവും കൂടിയതാകട്ടെ 1000 രൂപയുടെ ടിക്കറ്റും.
പ്രാദേശിക ഭരണകൂടങ്ങളുടെയും ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെയും ഉറച്ച പിന്തുണ സംഘാടകര്‍ക്ക് ലഭിക്കുന്നുണ്ട്. ടിക്കറ്റ് വില്‍പന മുതല്‍ എല്ലാ കാര്യങ്ങള്‍ക്കും ലളിത് മോഡിയെയും കൂട്ടരെയും സഹായിക്കാന്‍ സര്‍വ്വസജ്ജരായി ഇവര്‍ രംഗത്തുണ്ട്.
ഈ മാസം പതിനെട്ടിനാണ് ടൂര്‍ണ്ണമെന്‍റ് ആരംഭിക്കുന്നത്. ഇന്ത്യയില്‍ ഏറെ വെല്ലുവിളികള്‍ നേരിടേണ്ടി വന്നെങ്കിലും ദക്ഷിണാഫ്രിക്കയില്‍ ടൂര്‍ണ്ണമെന്‍റ് വിജയിപ്പിച്ച് ഇതിന് മറുപടി പറയാന്‍ ഒരുങ്ങുകയാണ് മോഡിയും കൂട്ടരും.