ജയസൂര്യയെ വേണ്ട: ശ്രീലങ്ക

വെള്ളി, 11 ഏപ്രില്‍ 2008 (18:47 IST)
PROPRO
വയസ്സന്‍ പടയ്‌ക്ക് മുന്നില്‍ ടീമിന്‍റെ വാതില്‍ കൊട്ടിയടയ്‌ക്കാനുള്ള നടപടികള്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് തുടങ്ങി. പുതിയ വര്‍ഷത്തെ കരാറില്‍ നിന്നും സൂപ്പര്‍ ബാറ്റ്‌സ്‌മാന്‍ ജയസൂര്യയെ ഒഴിവാക്കിക്കൊണ്ട് ശ്രീലങ്കന്‍ ക്രിക്കറ്റിന്‍റെ ഭാവിയിലേക്ക് കണ്ണ് പായിക്കുകയാണ് ശ്രീലങ്ക. ജയസൂര്യയുടെ കരാര്‍ ലങ്കന്‍ ബോര്‍ഡ് ഇത്തവണ പുതുക്കിയില്ല.

അടുത്ത വര്‍ഷത്തെ കരാറില്‍ നിന്നും ജയസൂര്യയെ പുറത്താക്കുകയാണെന്ന് ലങ്കന്‍ സെലക്ഷന്‍ കമ്മറ്റിയിലെ ഒരു അംഗത്തെ ഉദ്ധരിച്ച് ഡെയ്‌ലി മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. 38 കാരനായ ജയസൂര്യ കഴിഞ്ഞ വര്‍ഷം തന്നെ ടെസ്റ്റ് ക്രിക്കറ്റിനോട് വിട പറഞ്ഞിരുന്നു. 110 ടെസ്റ്റുകള്‍ കളിച്ച ജയസൂര്യ എകദിനത്തില്‍ തുടരുകയാണ്.

ശ്രീലങ്കന്‍ കുപ്പായത്തില്‍ 411 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള ജയസൂര്യയെ മോശം ഫോമിന്‍റെ പേരില്‍ ഇപ്പോള്‍ വിന്‍ഡീസില്‍ പര്യടനം നടത്തുന്ന ടീമില്‍ നിന്നും ഒഴിവാക്കിയിരുന്നു. ടീമിലേക്ക് സെലക്‍ട് ചെയ്യപ്പെടുകയാണെങ്കില്‍ മാത്രം ജയസൂര്യയുമായുള്ള കരാര്‍ പുതുക്കുകയുള്ളെന്ന് നേരത്തേ തന്നെ ശ്രീലങ്ക വ്യക്തമാക്കിയിരുന്നു.

മഹേള ജയവര്‍ദ്ധനെ, മുത്തയ്യാ മുരളീധരന്‍, കുമാര സംഗക്കാര, ചാമിന്ദ വാസ് എന്നി എ ഗ്രേഡ് കളിക്കാരുടെ കരാറുകള്‍ മാത്രമേ ശ്രീലങ്ക പുതുക്കിയിട്ടുള്ളൂ. ശ്രീലങ്കയുടെ വിലയേറിയ താരങ്ങളില്‍ ഒരാളാണ് ജയസൂര്യ. 100,000 വീതമാണ് ജയസൂര്യ ഒരു വര്‍ഷം സമ്പാദിക്കുന്നത്. അര്‍ജുന രണതുംഗ വിദേശ സന്ദര്‍ശനം കഴിഞ്ഞെത്തിയെങ്കില്‍ മാത്രമേ പുതിയ കരാറില്‍ അന്തിമ തീരുമാനം ഉണ്ടാകൂ.

അതേ സമയം ദിവസങ്ങള്‍ക്ക് ശേഷം ആരംഭിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും ശ്രീലങ്കയുടെ ഈ 38 കാരനായ ഓപ്പണര്‍ വിലയേറിയ താരമാണ്. കളിക്കാരുടെ ലേലത്തില്‍ 975,000 ഡോളര്‍ വില നേടിയ താരത്തിനെ സ്വന്തമാക്കിയത് മുംബൈ ആയിരുന്നു. സച്ചിനൊപ്പം മുംബൈയുടെ ഓപ്പണറാകാന്‍ സാധ്യത ജയസൂര്യയ്‌ക്കാണ്.

വെബ്ദുനിയ വായിക്കുക