ഐപിഎല്‍ മത്സരങ്ങള്‍ക്ക് ആഥിത്യമരുളാന്‍ പഞ്ചാബും ഹിമാചല്‍പ്രദേശും സമ്മതം മൂളിയതായി സൂചന. മറ്റ് സംസ്ഥാനങ്ങള്‍ ഇപ്പോഴും മത്സരങ്ങള്‍ക്ക് വേദിയൊരുക്കാന്‍ വിമുഖത കാണിക്കുന്നതായിട്ടാണ് വിവരം.
മത്സരത്തിന്‍റെ മൂന്നാമത്തെ പുതുക്കിയ ഷെഡ്യൂള്‍ സംഘാടകര്‍ ആഭ്യന്തരമന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. പുതിയ തീയതികളില്‍ സുരക്ഷ നല്‍കാനാകുമോ എന്ന് ബന്ധപ്പെട്ട സംസ്ഥാനങ്ങളോട് മന്ത്രാലയം ആരാഞ്ഞുവരികയാണ്.
സംസ്ഥാനങ്ങളോട് ആലോചിച്ച് ഉചിതമായ തീയതി തെരഞ്ഞെടുത്ത് മത്സരക്രമം പുന: ക്രമീകരിക്കാനായിരുന്നു മന്ത്രാലയം സംഘാടകരോട് ആവശ്യപ്പെട്ടത്. ഏപ്രില്‍ പത്തിന് ടൂര്‍ണ്ണമെന്‍റ് ആരംഭിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. ടിക്കറ്റ് വില്‍പന ഈ ആഴ്ച ആരംഭിക്കുമെന്ന് ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോഡി നേരത്തെ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ സുരക്ഷാ കാര്യത്തില്‍ ആഭ്യന്തരമന്ത്രാലയം ഉറപ്പുനല്‍കാന്‍ വൈകുന്നത് സംഘാടകരെയും ആശങ്കയിലാക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് സമയമായതിനാല്‍ കേന്ദ്ര സേനയെ വിട്ടുനല്‍കാനാകില്ലെന്ന നിലപാടിലാണ് ആഭ്യന്തര മന്ത്രാലയം.