പാകിസ്ഥാന് ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന് ഇമ്രാന്‍ഖാന്റെ സുരക്ഷയില്‍ പാകിസ്ഥാന്റെ മുന്‍ ബൌളര്‍ വസീം അക്രത്തിനു ഭയം. മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ ദാരുണ അന്ത്യത്തിനു പിന്നാലെയാണ് ഇമ്രാന്റെ ജീവനില്‍ അക്രത്തിനു ഭയം തോന്നിത്തുടങ്ങിയിരിക്കുന്നത്.
പാകിസ്ഥാന് ലോകകപ്പ് നേടിക്കൊടുത്ത ഇമ്രാന്ഖാന് തെഹെരിക്ക് ഇ ഇന്‍സാഫ് എന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി പാകിസ്ഥാനിലെ വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിരിക്കുന്ന ഇമ്രാന് ഇപ്പോള്‍ വീട്ടുതടങ്കലിലാണ്. വെള്ളിയാഴ്ച രാവിലെ ആദ്യം കേള്‍ക്കുന്ന വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നെന്നും ഈ ദാരുണമായ ചെയ്തിയെ കുറിച്ചു പറയാന്‍ വാക്കുകളില്ലെന്നും അക്രം പറഞ്ഞു.
ലോഹോറിലെ തന്റെ മാതാപിതാക്കളെ ഒര്‍ത്തു ഭയമുണ്ടെന്നു പറയുന്ന അക്രം തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്ന ഇമ്രാന്റെ കാര്യത്തില്‍ ആശങ്കയുണ്ടെന്നും വ്യക്തമാക്കി. വ്യാഴാഴ്ച രാത്രിയില്‍ തന്നെ അക്രത്തിനു ഒരു മൊബയില്‍ സന്ദേശം ലഭിച്ചെങ്കിലും വെള്ളിയാഴ്ച മാത്രമാണ് അക്രം സംഭവത്തേക്കുറിച്ചു അറിയുന്നത്.
അതേ സമയം പാകിസ്ഥാനില്‍ മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ ക്രിക്കറ്റ് പരമ്പരയ്ക്കായി എത്താന്‍ ഒരുങ്ങുന്ന ഓസ്ട്രെലിയന്‍ ക്രിക്കറ്റ് ടീം പരമ്പരയുമായി മുന്നോട്ട് തന്നെ നീങ്ങാനുള്ള നീക്കത്തിലാണ്. പാകിസ്ഥാനിലെ സ്ഥിതിഗതികള്‍ അസ്ഥിരമാണെങ്കിലും ഇത് ഒരു തരത്തിലും ക്രിക്കറ്റിനെ ബാധിക്കില്ലെന്ന് അവരുടെ വക്താക്കള്‍ കരുതുന്നു.