അബ്ദുല്‍ റസാഖ്‌ ഡെക്കാന്‍ ചാര്‍ജേഴ്സില്‍

വ്യാഴം, 28 ജനുവരി 2010 (10:37 IST)
PRO
ഐ പി എല്‍ ലേലത്തില്‍ നിന്ന് പാക് താരങ്ങളെ ഒഴിവാക്കിയതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് അയവ് വരുത്തിക്കൊണ്ട് പാക് ഓള്‍ റൌണ്ടര്‍ അബ്ദുള്‍ റസാഖിനെ ഡെക്കാന്‍ ചാര്‍ജേഴ്സ്‌ ലേലത്തിലെടുത്തു. ഐപിഎല്‍ - 3 സീസണിനുളള ടീമില്‍ പരുക്കേറ്റ വെസ്റ്റ്‌ ഇന്‍ഡീസ്‌ താരം ഫിഡല്‍ എഡ്വേര്‍ഡ്സിനു പകരക്കാരന്‍ എന്ന നിലയിലാണ്‌ റസാഖ്‌ ടീമില്‍ ഇടം നേടിയത്‌.

ടീമിലെ ഒരു രാജ്യാന്തര താരത്തിനു പരുക്കേല്‍ക്കുകയും ശസ്‌ത്രക്രിയ വേണ്ടി വരികയും ചെയ്‌ത പശ്ചാത്തലത്തിലാണ്‌ റസാഖിനെ പരിഗണിച്ചതെന്നും റസാഖിന്റെ ഓള്‍ റൗണ്ട്‌ മികവ്‌ ടീമിന്‌ ഗുണകരമാകുമെന്നു കരുതുന്നതായും ഡെക്കാന്‍ ചാര്‍ജേഴ്സ്‌ ചെയര്‍മാന്‍ വി ശങ്കര്‍ പറഞ്ഞു. പാക്ക്‌ താരങ്ങളെ ഐപിഎല്‍ ടീമുകളില്‍ ഉള്‍പ്പെടുത്തുന്നില്ലെന്ന വിവാദം അനാവശ്യമാണെന്നും അദ്ദേഹം അറിയിച്ചു.

പാക് താരങ്ങളെ ഒഴിവാക്കിയതിനെതിരെ ആഭ്യന്തര മന്ത്രി പി ചിദംബരം അടക്കമുള്ള രാഷ്ട്രീയ നേതൃത്വം രംഗത്തു വന്നിരുന്നു. ഇതിനെ തുടര്‍ന്ന് പാക് താരങ്ങള്‍ക്ക് ഐ പി എല്ലില്‍ പങ്കെടുക്കാന്‍ ഇനിയും അവസരമുണ്ടെന്ന് കമ്മീഷണര്‍ ലളിത് മോഡി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക