ദിലീപുമായി ബന്ധം വേര്‍പ്പെടുത്തുന്നത് എന്തുകൊണ്ട്? മഞ്ജു വാര്യര്‍ പ്രതികരിക്കുന്നു
ചൊവ്വ, 29 ജൂലൈ 2014 (09:08 IST)
പതിനാറ് വര്‍ഷം നീണ്ട ദാമ്പത്യബന്ധം ഒഴിയുന്നതിനെക്കുറിച്ച് വിശദീകരണവുമായി മഞ്ജുവാര്യര്‍. ഫേസ്ബുക്കിലൂടെയാണ് മഞ്ജുവിന്റെ പ്രതികരണം. സ്വന്തം കൈപ്പടയില്‍ എഴുതിയ മൂന്ന് പേജ് കുറിപ്പിലൂടെയാണ് മഞ്ജുവിന്റെ വിശദീകരണം. വിവാഹ മോചനം എന്നത് സ്വകാര്യമായ കാര്യമാണെന്നും തന്റെയും ദിലീപിന്റെയും സ്വകാര്യതയെ മാനിക്കണമെന്നുമാണ് കത്തിന്റെ ആമുഖത്തില്‍ തന്നെ മഞ്ജു പറയുന്നത്. മകളെ ചൊല്ലി അവകാശം ഉന്നയിക്കില്ലെന്നും മഞ്ജു പറയുന്നു.
ഈ സംഭവുമായി ബന്ധപ്പെടുത്തി തന്റെ സുഹൃത്തുക്കളായ സംയുക്ത, പൂര്‍ണ്ണിമ, ഗീതു മോഹന്‍ദാസ്, ശ്വേതാ എന്നിവരെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് മഞ്ജു വ്യക്തമാക്കുന്നു. മകള്‍ ദിലീപിന്റെ സുരക്ഷിതത്വത്തില്‍ നില്‍ക്കുന്നതാണ് നല്ലതെന്നും മഞ്ജു പറയുന്നു
“വ്യക്തിജീവിതത്തിലെ സ്വകാര്യത നിങ്ങളെപ്പോലെ തന്നെ വളരെയധികം വിലമതിക്കുന്ന ആളാണ് ഞാനും. അത് നമ്മുടെ മാത്രം സങ്കടങ്ങളാണ്. സന്തോഷങ്ങളും. പിന്നെയെന്തിന് ഞാന്‍ ഇങ്ങനെയൊരു കുറിപ്പെഴുതുന്നു? നമ്മുടെ ജീവിതത്തില്‍ ഉണ്ടാകുന്ന തികച്ചും സ്വകാര്യമായ സംഭവങ്ങള്‍ മറ്റുചിലരുടെ ജീവിതത്തെക്കൂടി ബാധിക്കുന്നത് കാണുമ്പോള്‍ ചില സാഹചര്യങ്ങളില്‍ ചില വെളിപ്പെടുത്തലുകള്‍ ആവശ്യമായി വരും. അത് നമ്മളെ സ്നേഹിക്കുന്നവരുടെ, നമ്മുടെ സന്തോഷത്തിലും വേദനയിലും ഒരുപോലെ കൂടെ നിന്നവരുടെ വേദന അകറ്റുവാന്‍, അവരെക്കുറിച്ച് ചിലര്‍ ഉണ്ടാക്കിയ തെറ്റിദ്ധാരണകള്‍ അകറ്റുവാന്‍ ഉപകരിക്കുകയാണെങ്കില്‍ പ്രത്യേകിച്ചും.
ഞാനും ദിലീപേട്ടനും ഞങ്ങളുടെ പതിനാറ് വര്‍ഷത്തെ വിവാഹജീവിതം അവസാനിപ്പിക്കാന്‍ സംയുക്തമായി കുടുംബകോടതിയെ സമീപിച്ചിരിക്കുകയാണ്. ഞങ്ങള്‍ എടുത്ത തീരുമാനം ആ തീരുമാനം തികച്ചും വ്യക്തിപരമാണ്. ആ തീരുമാനത്തിന് പിന്നിലെ കാരണമെന്ത്, കാരണക്കാര്‍ ആര് എന്നൊക്കെ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ അതൊക്കെ ഞങ്ങളുടെ മാത്രം സ്വകാര്യതയില്‍ ഒതുക്കി നിര്‍ത്താനാണ് എനിക്ക് താല്പര്യം. ആ സ്വകാര്യതയെ ദയവ് ചെയ്ത് മാനിക്കുക.
എന്റെ സങ്കടങ്ങളിലും സന്തോഷങ്ങളിലും ഒപ്പം നിന്ന കുറച്ച് സുഹൃത്തുക്കള്‍ ഉണ്ട് എനിക്ക്. ഗീതു, സംയുക്ത, ഭാവന, പൂര്‍ണിമ, ശ്വേത മേനോന്‍ തുടങ്ങിയവര്‍. എന്റെ വ്യക്തിജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ക്ക് ഇവരാണ് ഉത്തരവാദികള്‍ എന്ന് ചില പ്രചാരണങ്ങള്‍ ഉണ്ടാകുന്നു. അത് അവരെ വേദനിപ്പിക്കുന്നു, എന്നെയും. എന്റെ തീരുമാനങ്ങള്‍ എന്റേതും അതിന്റെ പ്രത്യാഘാതങ്ങള്‍ക്ക് ഉത്തരവാദി ഞാന്‍ മാത്രവും ആണ്. അവരുടെ പ്രേരണയോ നിര്‍ബന്ധമോ ഇതിനു പിന്നിലില്ല. ഇവരാരും ഇതിന്റെ പേരില്‍ പഴി കേള്‍ക്കുകയോ ആരുടെയെങ്കിലും ശത്രുതയ്ക്ക് ഇരയാകുകയോ ചെയ്യരുത് എന്നെനിക്ക് നിര്‍ബന്ധമുണ്ട്. മറിച്ചുള്ള പ്രചരണങ്ങള്‍ അവരുടെ വ്യക്തിജീവിതത്തെയും കലാജീവിതത്തെയും കൂടി ബാധിക്കാന്‍ തുടങ്ങിയിരിരിക്കുന്നു. ഈ കുറിപ്പോടു കൂടി അത്തരം തെറ്റിദ്ധാരണകള്‍ അവസാനിക്കും എന്ന് കരുതുന്നു. ഞാന്‍ കാരണം, എന്റെ തീരുമാനങ്ങള്‍ കാരണം അവര്‍ക്കുണ്ടായ എല്ലാ വേദനകള്‍ക്കും ഞാന്‍ നിര്‍വ്യാജം ക്ഷമ ചോദിക്കുന്നു.
ദിലീപേട്ടന്റെ വ്യക്തിജീവിതത്തില്‍ അദ്ദേഹം എടുക്കുന്ന എല്ലാ തീരുമാനങ്ങളും നല്ലതാവട്ടെ എന്നും, കലാജീവിതത്തില്‍ ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ അദ്ദേഹത്തിന് കഴിയട്ടെ എന്നും ഞാന്‍ പ്രാര്‍ഥിക്കുന്നു, മീനൂട്ടിക്ക് അച്ഛനോടുള്ള സ്നേഹം മറ്റാരെക്കാളും നന്നായി എനിക്കറിയാം. അവള്‍ അദ്ദേഹത്തിന്റെ സംരക്ഷണത്തില്‍ എന്നും സന്തുഷ്ടയും സുരക്ഷിതയും ആയിരിക്കും. അതുകൊണ്ട് തന്നെ അവളുടെ മേലുള്ള അവകാശത്തിന്റെ പിടിവലിയില്‍ അവളെ ദുഃഖിപ്പിക്കുന്നത് എനിക്കിഷ്ടമല്ല. അവള്‍ക്ക് ഈ അമ്മ എന്നും ഒരു വിളിപ്പാടലെയുണ്ട്. അവള്‍ അകലെയാണെന്ന് എനിക്ക് തോന്നുന്നില്ല. കാരണം അമ്മയുടെ അകത്തുതന്നെയാണല്ലോ മകള്‍ എന്നും...
എല്ലാം ഒന്നില്‍നിന്നും തുടങ്ങുകയാണ് ഞാന്‍. ജീവിതവും സമ്പാദ്യവും എല്ലാം. ഒരുതരത്തില്‍ പറഞ്ഞാല്‍ ഇരു പുനര്‍ജനിക്കല്‍. ഒരു സിനിമയുടെ വിജയം ജീവിതവിജയത്തിന്റെ അളവുകോല്‍ അല്ല എന്ന് മറ്റാരെക്കാളും നന്നായി എനിക്കറിയാം. രണ്ടാമൂഴത്തില്‍ ഒരുപാട് വിമര്‍ശനങ്ങളും അഭിനന്ദനങ്ങളും, ആശംസകളും, സ്നേഹവും ലഭിച്ചിട്ടുണ്ട്. എല്ലാത്തിനും നന്ദിയുണ്ട്. ഒരു കടലോളം. എവിടെയോ എന്നോ വായിച്ച ഒരു വരി ഓര്‍മ്മ വരുന്നു..you never realize how strong you are, until being strong is the only option you have left..."