വിജയ് ബാബു കേസ്: അറസ്റ്റ് വാറന്റ് ആഭ്യന്തരമന്ത്രാല‌യത്തിന് കൈമാറി, നടിയെ സ്വാധീനിക്കാൻ ശ്രമം

തിങ്കള്‍, 9 മെയ് 2022 (08:35 IST)
യുവനടിയെ പീഡിപ്പിച്ച കേസിൽ ദുബായിൽ ഒളിവിൽ കഴിയുന്ന വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാൻ കോടതിയിൽ നിന്നും വാങ്ങിയ വാറന്റ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് പോലീസ് കൈമാറി. കഴിഞ്ഞ ദിവസമാണ് അഡീ. സി.ജെ.എം. കോടതിയില്‍ നിന്ന് വാങ്ങിയ വാറന്റ് ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയത്.
 
അറസ്റ്റ് വാറന്റ് ‌കേന്ദ്ര ആഭ്യന്തര മന്ത്രാലയം വഴി ഇന്റര്‍പോളിനും ദുബായ് പോലീസിനും കൈമാറും. വിജയ് ബാബുവിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നതിന്റെ ഭാഗമായിട്ടാണിത്. ഇയാൾ എവിടെയാണെന്ന് കണ്ടെത്തുന്നതിന്റെ ഭാഗമായിട്ടാണ് അറസ്റ്റ് വാറണ്ട് ദുബായ് പോലീസിന് നൽകുക.
 
പരിചിതമല്ലാത്ത ചില നമ്പറുകളിൽ നിന്നും വിജയ് ബാബു ഫോണിൽ വിളിച്ച് നടിയെ സ്വാധീനിക്കാൻ ശ്രമിച്ചതായി അന്വേഷണസം‌ഘത്തിന് വിവരം ലഭിച്ചിരുന്നു. വിജയ് ബാബു പരാതിക്കാരിയെ പിന്തിരിപ്പിക്കാന്‍ സിനിമാരംഗത്തെ പലരെയും സ്വാധീനിക്കുന്നതായും വിവരമുണ്ട്. 
 
വിജയ് ബാബു  കേസ് അട്ടിമറി‌ക്കാൻ ശ്രമിക്കുന്നതിന്റെ തെളിവുകൾ ലഭിച്ചതോടെയാണ് രാജ്യാന്തര പോലീസ് സംഘടനയായ ഇന്റര്‍പോളിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പോലീസ് വേഗത്തിലാക്കിയത്.  ഈ മാസം 18നാണ് വിജയ് ബാബുവിന്റെ ജാമ്യഹർജി ഹൈക്കോടതി പരിഗ‌ണിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍