മുഖ്യമന്ത്രിക്കസേരയില്‍ മമ്മൂട്ടി, ആശംസകളുമായി പിണറായി !

ആശംസ വര്‍ഗീസ്

ശനി, 9 നവം‌ബര്‍ 2019 (16:28 IST)
മമ്മൂട്ടി നായകനാകുന്ന ‘വണ്‍’ ചിത്രീകരണം പുരോഗമിക്കുകയാണ്. മുഖ്യമന്ത്രി കടയ്‌ക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. ബോബി - സഞ്‌ജയ് തിരക്കഥയെഴുതുന്ന സിനിമ സന്തോഷ് വിശ്വനാഥാണ് സംവിധാനം ചെയ്യുന്നത്. ചിത്രീകരണത്തിനിടെ മമ്മൂട്ടി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. സിനിമയ്ക്ക് എല്ലാ വിധ ആശംസകളും മുഖ്യമന്ത്രി നേര്‍ന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
മമ്മൂട്ടിയുമൊത്തുള്ള ചിത്രം പങ്കുവച്ചുകൊണ്ട് പിണറായി ഫേസ്‌ബുക്കില്‍ ഇങ്ങനെ കുറിച്ചു - “ശ്രീ മമ്മൂട്ടി ഓഫീസിൽ വന്ന് കണ്ടു. ഒരു സിനിമാ ചിത്രീകരണത്തിനിടെ സമയം കണ്ടെത്തിയായിരുന്നു സൗഹൃദ സന്ദർശനം”.
 
മുഖ്യമന്ത്രി പിണറായി വിജയനോട് സാദൃശ്യമുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ സിനിമയില്‍ അവതരിപ്പിക്കുന്നതെന്നാണ് സൂചന. പിണറായിയുടെ നടപ്പും രീതികളുമെല്ലാം മമ്മൂട്ടി ഈ സിനിമയ്ക്കായി ഉള്‍ക്കൊണ്ട് അവതരിപ്പിക്കുന്നതായും അറിയുന്നു. പിണറായി സ്റ്റൈലിലുള്ള ഡയലോഗുകളാണ് മമ്മൂട്ടിക്ക് ഈ ചിത്രത്തിലുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
കടയ്‌ക്കല്‍ ചന്ദ്രന്‍റെ രാഷ്ട്രീയ ജീവിതത്തിനൊപ്പം കുടുംബജീവിതവും ചിത്രത്തില്‍ വിഷയമാകുന്നുണ്ട്. ഏറെ ആത്മസംഘര്‍ഷത്തിലൂടെ കടന്നുപോകുന്ന മുഖ്യമന്ത്രി കടയ്‌ക്കല്‍ ചന്ദ്രന്‍ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും എന്നതില്‍ സംശയമില്ല.
 
ജോജു ജോര്‍ജ്ജ്, മുരളി ഗോപി, ഗായത്രി അരുണ്‍, ബാലചന്ദ്രമേനോന്‍, സുരേഷ് കൃഷ്ണ, സലിം കുമാര്‍, അലന്‍സിയര്‍, മാമുക്കോയ, സുദേവ് നായര്‍ തുടങ്ങിയവരും ഈ സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഇച്ചായീസ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന വണ്‍ തിരുവനന്തപുരത്തും എറണാകുളത്തുമായാണ് ചിത്രീകരണം പുരോഗമിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍