എം.ടി.യുടെ തിരക്കഥയില്‍ പെരുന്തച്ചന്‍ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയത്താണ് സംഭവം. കര്‍ണാടകയിലെ കുന്ദാപുരത്തായിരുന്നു ലൊക്കേഷന്‍. പെരുന്തച്ചനില്‍ ശ്രദ്ധേയമായ ഒരു വേഷമാണ് നെടുമുടി വേണുവിന് ചെയ്യാനുള്ളത്. ഷൂട്ടിങ്ങിനായി മംഗലാപുരം റെയില്‍വെ സ്റ്റേഷനിലാണ് നെടുമുടി വേണു എത്തിയത്. റെയില്‍വെ സ്റ്റേഷനില്‍ നിന്ന് 80 കിലോമീറ്റര്‍ സഞ്ചരിച്ച് വേണം ഷൂട്ടിങ് നടക്കുന്ന സ്ഥലത്തെത്താന്‍. എന്നാല്‍, അന്നേദിവസം ബന്ദായിരുന്നു. ഇക്കാര്യം നെടുമുടി വേണുവിന് അറിയില്ലായിരുന്നു. റോഡുകളില്‍ സമരക്കാര്‍ ഉണ്ടായിരുന്നു.
റെയില്‍വെ സ്റ്റേഷനില്‍ നില്‍ക്കുന്ന നെടുമുടി വേണുവിന്റെ അടുത്തേക്ക് ഒരു ആംബുലന്‍സ് എത്തി. പ്രൊഡക്ഷന്‍ ടീമാണ് ഈ ആംബുലന്‍സില്‍ എത്തിയത്. യാത്ര ആംബുലന്‍സിലാക്കാമെന്ന് പ്രൊഡക്ഷന്‍ ടീം പറഞ്ഞു. നെടുമുടി വേണുവിന് കാര്യം പിടികിട്ടിയില്ല. എന്തിനാണ് ആംബുലന്‍സില്‍ പോകുന്നതെന്ന് വേണു ചോദിച്ചു. ബന്ദാണെന്നും സുരക്ഷിതമായി ഷൂട്ടിങ് ലൊക്കേഷനില്‍ എത്താന്‍ വേറെ വഴിയില്ലെന്നും പ്രൊഡക്ഷന്‍ ടീം പറഞ്ഞു.