ആയുര്‍വ്വേദ വൈദ്യശാലയുടെ മേല്‍നോട്ടക്കാരനായ ജനാര്‍ദ്ദനന്‍, ഒടുവില്‍ ദിലീപിന്റെ സിനിമയില്‍ അവസരം, വിശേഷങ്ങള്‍ പങ്കുവെച്ച് നടന്‍ മോഹന്‍ജോസ്
നടന്‍ ജനാര്‍ദ്ദനനുമായി അടുത്ത സുഹൃത്ത് ബന്ധം കാത്തുസൂക്ഷിക്കുന്ന നടനാണ് മോഹന്‍ ജോസ്. വളരെക്കാലം മുമ്പ് ജനാര്‍ദ്ദനന്‍ തന്റെ അമ്മാവന്റെ ഒളശ്ശ ആയുര്‍വ്വേദ വൈദ്യശാലയുടെ മേല്‍നോട്ടക്കാരനായി പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോഴിതാ ദിലീപിന്റെ റിലീസിന് ഒരുങ്ങുന്ന വോയ്‌സ് ഓഫ് സത്യനാഥനില്‍ നടന്‍ അനുപംഖേറിനോടൊപ്പം ഒരു ആയുര്‍വ്വേദ വൈദ്യരുടെ വേഷം ചെയ്തിരിക്കുകയാണ് ജനാര്‍ദ്ദനന്‍. ഈ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് മോഹന്‍ജോസ്.
മോഹന്‍ ജോസിന്റെ വാക്കുകളിലേക്ക്
മുന്‍ തലമുറയില്‍ പെട്ടവുരുടെ ഒരു പ്ലസ്‌പോയന്റ് അവര്‍ സുഹൃത് ബന്ധങ്ങള്‍ക്ക് ഏറെ വില കല്പിക്കുന്നു എന്നതാണ്. നേരില്‍ കാണാന്‍ സൗകര്യപ്പെട്ടില്ലെങ്കിലും ഫോണില്‍ക്കൂടെയെങ്കിലും ബന്ധങ്ങള്‍ വേരറ്റുപോകാതെ സൂക്ഷിക്കും. ആ ഗണത്തിലുള്ള ഒരാളാണ് സാക്ഷാല്‍ ജനുവണ്ണന്‍. എല്ലാ ദിവസവും കമ്മ്യൂണിക്കേറ്റ് ചെയ്യും.സംഭവബഹുലമായ മുന്‍കാല ജീവിതാനുഭവങ്ങളും സമകാലിക വാര്‍ത്തകളും രസച്ചരടു പൊട്ടാതെ അവതരിപ്പിക്കും. ഞാനേറെയും പറയുന്നത് ഔഷധ സസ്യങ്ങളെയും ആയുര്‍വ്വേദ ചികിത്സാ രീതികളെയും കുറിച്ചായിരിക്കും. അപ്പോള്‍ ജനുവണ്ണന്‍ പൂര്‍വ്വാധികം ഊര്‍ജ്ജസ്വലനാകും. പണ്ട് പണ്ട്, സിനിമയിലെത്തുന്നതിനൊക്കെ മുന്നേ, അദ്ദേഹത്തിന്റെ അമ്മാവന്റെ വക 'ഒളശ്ശ ആയുര്‍വ്വേദ വൈദ്യശാല'യുടെ മേല്‍നോട്ടക്കാരനായി വര്‍ത്തിച്ചിരുന്നു എന്നത് അധികമാര്‍ക്കുമറിയില്ല. വൈദ്യശാലയിലെ
അരിഷ്ടങ്ങളുടെയും രസായങ്ങളുടെയും ഗന്ധം നിരന്തരമേറ്റിരുന്നതിനാലാവാം ഇന്നും ജനുവണ്ണന്‍ അരോഗഗാത്രനായിരിക്കുന്നത്.റിലീസാകാനിരിക്കുന്ന 'വോയ്‌സ് ഓഫ് സത്യനാഥനി'ല്‍ പ്രശസ്ത നടന്‍ അനുപംഖേറിനോടൊപ്പം ഒരു ആയുര്‍വ്വേദ വൈദ്യരുടെ, ചെറുതെങ്കിലും, മികവാര്‍ന്ന വേഷം ചെയ്യാന്‍ ജനുവണ്ണനെ സംവിധായകന്‍ റാഫി ബോംബെയിലേക്ക് വിളിപ്പിച്ചു.