വിവാദ അഭിമുഖത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനോട് വിശദീകരണം തേടി സിനിമ, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. രഞ്ജിത്ത് വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടിയിരുന്നു. ഡോ.ബിജു ഉന്നയിച്ച പ്രശ്‌നങ്ങളില്‍ മന്ത്രി എന്ന നിലയില്‍ താന്‍ ഇടപെട്ടതാണ്. പിന്നീട് രഞ്ജിത്ത് ബിജുവിനെ പരാമര്‍ശിച്ചു പ്രസ്താവന നടത്തേണ്ട ആവശ്യമില്ലായിരുന്നു. തന്നെ നേരിട്ടു കണ്ട് സംസാരിക്കണമെന്ന് രഞ്ജിത്തിനോട് പറഞ്ഞിട്ടുണ്ട്. അദ്ദേഹം നടത്തിയ ഒന്നുരണ്ട് വ്യക്തിപരമായ പരാമര്‍ശങ്ങള്‍ മറ്റുള്ളവരെ വേദനിപ്പിച്ചിട്ടുണ്ട്. അതൊക്കെ ഒഴിവാക്കേണ്ടിയിരുന്നതാണെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
'ഡോ ബിജു ചില പ്രശ്‌നങ്ങളൊക്കെ ഉണ്ടാക്കി. അദ്ദേഹത്തിന്റെ സിനിമ ഇപ്പോള്‍ തിയറ്ററില്‍ റിലീസ് ചെയ്തു. അതിനു തിയറ്ററുകളില്‍ ആളുകള്‍ കയറിയില്ല. അതേസമയം മറ്റൊരു സംവിധായകന്റെ സിനിമ തിയറ്ററില്‍ വന്നു. അതിനു നല്ല ആള്‍ത്തിരക്ക് ഉണ്ടായിരുന്നു. ആ സിനിമയ്ക്ക് തിയറ്ററില്‍ ആള്‍ വന്നു. ഇവിടെ മേളയിലും തിരഞ്ഞെടുക്കപ്പെട്ടു. ഇനി അടുത്ത സംസ്ഥാന അവാര്‍ഡില്‍ ചിലപ്പോള്‍ ആ സിനിമയ്ക്ക് അവാര്‍ഡ് കിട്ടും. അപ്പോള്‍ തിയറ്ററുകളില്‍ ആള്‍ വരികയും അവാര്‍ഡുകള്‍ കിട്ടുകയും ചെയ്ത സിനിമയാകുന്നു. ഇവിടെയാണ് ഡോ.ബിജുവൊക്കെ സ്വന്തം റെലവന്‍സ് എന്താണെന്ന് ആലോചിക്കേണ്ടത്. തിയറ്ററില്‍ ആളുകള്‍ കയറാത്ത സിനിമയൊക്കെ എടുക്കുന്ന ഡോക്ടര്‍ ബിജുവിനെല്ലാം എന്ത് റെലവന്‍സ് ആണുള്ളത്,' ഇതായിരുന്നു രഞ്ജിത്തിന്റെ വാക്കുകള്‍