ഗോട്ട് ചെയ്തത് വലിയ തെറ്റായി പോയി,സീനുകൾ കുറവായിരുന്നു, പാട്ടിന് മാത്രമാണ് എന്നെ ഉപയോഗിച്ചത്: മീനാക്ഷി ചൗധരി

അഭിറാം മനോഹർ

ചൊവ്വ, 7 ജനുവരി 2025 (20:51 IST)
Meenakshi chaudhary
വിജയ് സിനിമയായ ഗോട്ടിലൂടെയാണ് തെന്നിന്ത്യന്‍ സിനിമയില്‍ എത്തിയതെങ്കിലും ലക്കി ഭാസ്‌കര്‍ എന്ന സിനിമയിലൂടെയാണ് മീനാക്ഷി ചൗധരി ശ്രദ്ധിക്കപ്പെട്ടത്. ലക്കി ഭാസ്‌ക്കറിലെ മീനാക്ഷിയുടെ പ്രകടനം താനൊരു മികച്ച നടികൂടിയാണെന്ന് തെളിയിക്കുന്നതായിരുന്നു. ഫെമിന ഇന്ത്യ 2018ല്‍ ഫസ്റ്റ് റണ്ണറപ്പായിരുന്ന താരം ദന്ത ഡോക്ടര്‍ കൂടിയാണ്. 2019ല്‍ പുറത്തിറങ്ങിയ ഹിന്ദി സിനിമയായ അപ് സ്റ്റാര്‍ട്ട് ആയിരുന്നു മീനാക്ഷിയുടെ ആദ്യ സിനിമ.
 
 ഹിന്ദിയിലാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും തെന്നിന്ത്യന്‍ സിനിമാലോകമാണ് മീനാക്ഷിയെ ഇരുകയ്യും നീട്ടി സ്വീകരിച്ചത്. തെലുങ്കില്‍ ഖിലാഡി, ഹിറ്റ്, സെക്കന്‍ഡ് എന്നീ സിനിമകളില്‍ മീനാക്ഷി വേഷമിട്ടിരുന്നു. 2023ല്‍ വിജയ് ആന്റണി നായകനായെത്തിയ കൊലൈ എന്ന സിനിമയിലും മീനാക്ഷി നായികയായി. സിംഗപ്പൂര്‍ സലൂണ്‍ എന്ന സിനിമയില്‍ ആര്‍ ജെ ബാലാജിയുടെ നായികയായും വേഷമിട്ടിരുന്നു.
 
 തുടര്‍ന്നാണ് വെങ്കട്ട് പ്രഭു- വിജയ് സിനിമയായ ഗോട്ടില്‍ മീനാക്ഷി നായികയായെത്തിയത്. എന്നാല്‍ അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ ഗോട്ട് തനിക്ക് സംഭവിച്ച വലിയ പിഴവായിരുന്നുവെന്നും സിനിമ തനിക്ക് മനോവിഷമത്തിന് കാരണമായെന്നും മീനാക്ഷി പറഞ്ഞിരുന്നു. ഗോട്ട് സിനിമയില്‍ എന്റെ സീനുകള്‍ വളരെ കുറവായിരുന്നു. പ്രധാനമായും ഒരു പാട്ടിന് വേണ്ടിയാണ് എന്നെ ഉപയോഗിച്ചത്. അതിനാല്‍ തന്നെ വലിയ വിമര്‍ശനമുണ്ടായി. എനിക്കെതിരെ നിരന്തരമായി ട്രോളുകള്‍ വന്നു. ഒരാഴ്ചയോളം വലിയ മാനസിക സമ്മര്‍ദ്ദത്തിലായി. ഒരു പ്രാധാന്യവുമില്ലാത്ത സിനിമയില്‍ അഭിനയിക്കരുതെന്ന് മനസിലായി. അതേസമയം ലക്കി ഭാസ്‌കര്‍ സിനിമ തനിക്ക് ഒരുപാട് പ്രശംസ നേടിതന്നെന്നും  മീനാക്ഷി പറയുന്നു.
 
 അതേസമയം ദളപതി വിജയുമായി ഒരു സീനില്‍ പോലും അഭിനയിക്കാന്‍ നിരവധി നടിമാര്‍ ആഗ്രഹിക്കുമ്പോള്‍ മീനാക്ഷിയുടെ പരാമര്‍ശങ്ങള്‍ വിജയ് ആരാധകരെ ചൊടുപ്പിച്ചിട്ടുണ്ട്. വിജയ് ഇരട്ടവേഷത്തിലെത്തിയ സിനിമയില്‍ സ്‌നേഹ, മീനാക്ഷി ചൗധരി എന്നിവരാണ് നായികമാരായി എത്തിയത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍