തീയേറ്ററില്‍ പ്രകമ്പനം സൃഷ്ടിക്കാന്‍ ഷാജി കൈലാസ് വീണ്ടും എത്തുകയാണ്. രണ്ജിയും രഞ്ജിത്തും തിരക്കഥയെഴുതി മോഹന്‍ലാല്‍ നായകനായി വരുമ്പോള്‍ മമ്മൂട്ടി എത്തുമോയെന്നതാണ് ഇപ്പോള്‍ ഏവരും ഉറ്റുനോക്കുന്നത്. ഇടവേള കഴിഞ്ഞു ഷാജി മടങ്ങിവരികയാണ്. ചിത്രം നിര്‍മിക്കുന്നതാകട്ടെ ആശിര്‍വാദിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും. ചിത്രത്തെക്കുറിച്ച് ഷാജി കൈലാസ് പറയുന്നത് ഇങ്ങനെ:
“തികച്ചും അപ്രതീക്ഷിതമായാണ് രണ്‍ജി പണിക്കരും രഞ്ജിത്തും കൂടി എന്നെ വിളിക്കുന്നത്. ഇങ്ങനെയിരുന്നാല് മതിയോ, നമുക്കൊന്നിറങ്ങണ്ടേ എന്നായിരുന്നു ചോദ്യം. രണ്ടുപേരും കൂടി ത്രസിപ്പിക്കുന്ന ഒരു കഥയുമായാണ് എന്നെ വിളിച്ചത്. എന്റെ നായക സങ്കല്പത്തില്പ്പെട്ട രണ്ടു നായകന്മാരുണ്ട് കഥയില്‍ . കഥ കേട്ടപ്പോള്‍ത്തന്നെ ഞാന്‍ ആവേശഭരിതനായി.
അപ്പോഴേക്കും ആന്റണി പെരുമ്പാവൂര്‍ എത്തി. ആശീര്‍വാദ് സിനിമാസിന്റെ ഏറ്റവും കൂടുതല്‍ സിനിമകള്‍ ചെയ്തിട്ടുള്ളത് ഞാനായിരിക്കും. ലാലിനെ വിളിച്ചപ്പോള്‍ എപ്പോള്‍ ഇറങ്ങിയെന്നു ചോദിച്ചാല്‍ മതിയെന്നായി. മമ്മൂട്ടി കൂടി വന്നാല്‍ ഗംഭീരമാകുമെന്നു രണ്ജിയും രഞ്ജിത്തും പറഞ്ഞു. ആന്റണി പെരുമ്പാവൂരിനും സമ്മതം. മമ്മൂട്ടിയുടെ ഡേറ്റിനു വേണ്ടി കാത്തിരിക്കുകയാണ്.“