സബ് ഇന്‍സ്‌പെക്‍ടര്‍ മണി - മമ്മൂട്ടിയുടെ പുതിയ കഥാപാത്രം!

തിങ്കള്‍, 1 ഒക്‌ടോബര്‍ 2018 (15:22 IST)
വ്യത്യസ്തത തേടി അലയുന്ന നടനാണ് മമ്മൂട്ടി. ഓരോ ചിത്രവും പുതുമ നിറഞ്ഞതാകണമെന്ന നിര്‍ബന്ധമുള്ള താരം അതുകൊണ്ടുതന്നെ പരീക്ഷണങ്ങള്‍ക്ക് മടിക്കാറില്ല. 
 
പല രീതിയിലുള്ള പൊലീസ് കഥാപാത്രങ്ങളെ മമ്മൂട്ടി ഇതിനോടകം അവതരിപ്പിച്ചുകഴിഞ്ഞിട്ടുണ്ട്. എങ്കിലും മമ്മൂട്ടി ഇപ്പോഴും പൊലീസ് വേഷങ്ങള്‍ ചെയ്യാന്‍ ആവേശം കാണിക്കുന്നു. എന്നാല്‍ ഒരു പൊലീസ് ഒരിക്കലും മറ്റൊരു പൊലീസിനോട് സാദൃശ്യം പുലര്‍ത്താതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിക്കാറുണ്ട്. 
 
‘ഉണ്ട’ എന്ന പുതിയ ചിത്രത്തിലും മമ്മൂട്ടിക്ക് പൊലീസ് വേഷമാണ്. സബ് ഇന്‍സ്‌പെക്ടര്‍ മണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വടക്കേയിന്ത്യയിലെ നക്സല്‍ ബാധിത പ്രദേശങ്ങളിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെടുകയാണ് മണി. പിന്നീടുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ‘ഉണ്ട’യുടെ പ്രമേയം. 
 
‘ഉണ്ട’ ഒരു ആക്ഷന്‍ കോമഡി ചിത്രമാണ്. പൊലീസ് വേഷമാണെങ്കിലും മമ്മൂട്ടിയുടേത് കോമഡി കഥാപാത്രമാണ്. അതായത്, നമ്മള്‍ നന്ദി വീണ്ടും വരികയിലൊക്കെ കണ്ട രീതിയിലുള്ള പൊലീസുകാരന്‍. ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ ആദ്യമായി ചിത്രീകരിക്കുന്ന മലയാള ചിത്രമായി ഉണ്ട മാറും. 
 
ഷാം കൌശലാണ് ആക്ഷന്‍ കോറിയോഗ്രാഫി നിര്‍വഹിക്കുന്നത്. അലന്‍സിയര്‍, ദിലീഷ് പോത്തന്‍, സുധി കോപ്പ, ജേക്കബ് ഗ്രിഗറി തുടങ്ങിയവര്‍ സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രശാന്ത് പിള്ളയാണ് സംഗീതം. ഗാവമിക് യു ആരി ആണ് ക്യാമറ. ജനുവരിയില്‍ പ്രദര്‍ശനത്തിനെത്തേണ്ട ‘ഉണ്ട’യുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍