ബസൂക്കയാണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവിൽ തിയേറ്ററിലെത്തിയ സിനിമ. കളംങ്കാവൽ ആണ് ഇനി റിലീസ് ആകാനുള്ള സിനിമ. ഇതിനു മുന്നേ ഒരു മമ്മൂട്ടി ചിത്രം തിയേറ്ററിലെത്തും. സാമ്രാജ്യമാണ് ആ സിനിമ. റീ റിലീസ് ട്രെൻഡ് പാത പിന്തുടരുകയാണ് സാമ്രാജ്യം. മമ്മൂട്ടിയെ നായകനാക്കി ജോമോന്‍ സംവിധാനം ചെയ്ത് 1990 ല്‍ പുറത്തെത്തിയ സാമ്രാജ്യം ഈ മാസം 19 ന് റീ റിലീസ് ആവും.
മമ്മൂട്ടിയുടെ പിറന്നാള്‍ ദിനം പ്രമാണിച്ച് ചിത്രത്തിന്‍റെ റീ റിലീസ് ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ആരിഫാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അജ്മൽ ഹസ്സൻ നിർമ്മിച്ച ചിത്രം റിലീസ് സമയത്ത് വലിയ വിജയം നേടിയ ഒന്നാണ്. വിജയം എന്നതിനൊപ്പം ഏറെ സ്റ്റൈലിഷ് ആയി മമ്മൂട്ടിയെ അവതരിപ്പിച്ച ചിത്രവുമായിരുന്നു സാമ്രാജ്യം.
സാമ്രാജ്യത്തെ മലയാളത്തിനു് പുറത്ത് വിവിധ ദക്ഷിണേന്ത്യൻ ഭാഷകളിലും ബോളിവുഡിലും ഏറെ സ്വീകാര്യമാക്കി. വിവിധ ഭാഷകളിൽ ചിത്രം ഡബ്ബ് ചെയ്യപ്പെടുകയും റീമേക്ക് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അലക്സാണ്ടര്‍ എന്ന അധോലോക നായകനെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മലയാള സിനിമയ്ക്ക് പുതിയൊരു മാനം നൽകിയ സിനിമയായിരുന്നു ഇത്.