മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചഭിനയിച്ചതില്‍ ഏറ്റവും മികച്ച അഞ്ച് സിനിമകള്‍

ബുധന്‍, 16 ഫെബ്രുവരി 2022 (10:37 IST)
മറ്റ് ഇന്‍ഡസ്ട്രികളില്‍ നിന്ന് വ്യത്യസ്തമായി മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ സിനിമയ്ക്കുള്ളില്‍ തന്നെ വളരെ ഊഷ്മളമായ ബന്ധമുണ്ട്. ഈഗോ ക്ലാഷുകള്‍ കാരണം ഒന്നിച്ച് അഭിനയിക്കാന്‍ മറ്റ് ഇന്‍ഡസ്ട്രികളിലെ സൂപ്പര്‍സ്റ്റാറുകള്‍ മടിക്കുമ്പോള്‍ മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും അമ്പതിലേറെ സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചു. അതില്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ടതും ഏറ്റവും മികച്ചതുമായ അഞ്ച് സിനിമകള്‍ നോക്കാം
 
1. അതിരാത്രം
 
1984 ല്‍ ഐ.വി.ശശി സംവിധാനം ചെയ്ത ചിത്രമാണ് അതിരാത്രം. താരാദാസ് എന്ന അധോലോക നായകനായി മമ്മൂട്ടി എത്തിയപ്പോള്‍ പ്രസാദ് എന്ന പൊലീസ് ഓഫീസറുടെ വേഷമാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. താരാദാസിനെ കുടുക്കാനുള്ള പ്രസാദിന്റെ ശ്രമങ്ങളും പ്രസാദിനെ കബളിപ്പിച്ചുകൊണ്ടുള്ള താരാദാസിന്റെ നീക്കങ്ങളും സിനിമയെ മികച്ച അനുഭവമാക്കി. തിയറ്ററുകളില്‍ ചിത്രം വമ്പന്‍ ഹിറ്റായിരുന്നു.
 
2. നമ്പര്‍ 20 മദ്രാസ് മെയില്‍
 
ടോണി കുരിശിങ്കല്‍ എന്ന രസികന്‍ കഥാപാത്രമായി മോഹന്‍ലാല്‍ നിറഞ്ഞാടിയ ചിത്രം. ടോണി ഒരു ട്രാപ്പില്‍ അകപ്പെടുമ്പോള്‍ രക്ഷിക്കാനെത്തുന്നത് സിനിമാ താരമായ മമ്മൂട്ടിയാണ്. മമ്മൂട്ടിയായി തന്നെയാണ് മെഗാസ്റ്റാര്‍ ചിത്രത്തില്‍ അഭിനയിച്ചത്. മോഹന്‍ലാല്‍-മമ്മൂട്ടി കോംബിനേഷന്‍ സീനുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.
 
3. അനുബന്ധം
 
എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഐ.വി.ശശി സംവിധാനം ചെയ്ത അനുബന്ധം 1985 ലാണ് റിലീസ് ചെയ്തത്. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.
 
4. അടിമകള്‍ ഉടമകള്‍
 
മമ്മൂട്ടിയും മോഹന്‍ലാലും മത്സരിച്ച് അഭിനയിച്ച സിനിമയാണ് ടി.ദാമോദരന്‍ തിരക്കഥ രചിച്ച് ഐ.വി.ശശി സംവിധാനം ചെയ്ത അടിമകള്‍ ഉടമകള്‍. 1987 ലാണ് ചിത്രം റിലീസ് ചെയ്തത്. യൂണിയന്‍ നേതാവ് രാഘവനായി മമ്മൂട്ടിയും കമ്പനി മാനേജര്‍ മോഹന്‍ ആയി മോഹന്‍ലാലും അഭിനയിച്ചു.
 
5. അടിയൊഴുക്കുകള്‍
 
എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഐ.വി.ശശി സംവിധാനം ചെയ്ത അടിയൊഴുക്കുകള്‍ 1984 ലാണ് റിലീസ് ചെയ്തത്. കരുണന്‍ എന്ന കഥാപാത്രത്തെ മമ്മൂട്ടിയും ഗോപി എന്ന കഥാപാത്രത്തെ മോഹന്‍ലാലും അവതരിപ്പിച്ചു.
 
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍