അനിയത്തിപ്രാവ് എന്ന മെഗാഹിറ്റ് സിനിമയിലൂടെ ഒരു ഹിറ്റ് പെയറിനെ കൂടിയാണ് ഫാസിൽ മലയാളത്തിന് സമ്മാനിച്ചത്. കുഞ്ചാക്കോ ബോബൻ - ശാലിനി കൂട്ടുകെട്ട് വലിയ തരംഗം തന്നെ സൃഷ്ടിച്ചു. അനിയത്തിപ്രാവിനെ തുടർന്ന് നക്ഷത്രത്താരാട്ട്, നിറം, പ്രേം പൂജാരി എന്നീ സിനിമകളിൽ ഈ ഹിറ്റ് കൂട്ടുകെട്ട് ആവർത്തിച്ചു. പുതിയ വാർത്ത, ശാലിനിയുടെ അനിയത്തി ശ്യാമിലി നായികയാകുന്ന ആദ്യ മലയാള ചിത്രത്തിൽ നായകൻ കുഞ്ചാക്കോ ബോബനാണ്.
ശ്യാമിലി മുമ്പ് ബേബി ശ്യാമിലിയായി തെന്നിന്ത്യയിലാകെ തരംഗമുണർത്തിയിരുന്നു. മാളൂട്ടി, അഞ്ജലി, പൂക്കാലം വരവായി തുടങ്ങിയ വമ്പൻ ഹിറ്റുകളിലെ കേന്ദ്ര കഥാപാത്രം ശ്യാമിലിയായിരുന്നു.