Mammootty is Back: 'കാമറ ഈസ് കോളിങ്'; കാറോടിച്ച് സ്റ്റൈലിഷ് ലുക്കിൽ മമ്മൂക്ക

നിഹാരിക കെ.എസ്

ചൊവ്വ, 30 സെപ്‌റ്റംബര്‍ 2025 (19:21 IST)
നീണ്ട ഇടവേളയ്ക്ക് ശേഷം നടൻ മമ്മൂട്ടി സിനിമാ തിരക്കിലേക്ക്. തിരിച്ചുവരവിൽ ആദ്യം ചെയ്യുക മഹേഷ് നാരായണൻ സിനിമയാണ്. ഹൈദരാബാദിലെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോകുന്നതിനായി ചെന്നൈ വിമാനത്താവളത്തിലെത്തിയ മമ്മൂട്ടിയുടെ വി‍ഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 
 
ചെന്നൈ എയർപോർട്ടിൽ വൻ സ്വീകരണത്തോടെയാണ് ആരാധകർ അദ്ദേഹത്തെ വരവേറ്റത്. സ്വന്തമായി കാറോടിച്ചാണ് മമ്മൂട്ടി എയർപോർട്ടിലെത്തിയത്. എന്നാൽ മാധ്യമങ്ങളോട് മമ്മൂട്ടി ഒന്നും പ്രതികരിച്ചില്ല. ഭാര്യ സുലുവും നിർമാതാവ് ആന്റോ ജോസഫും മമ്മൂട്ടിയ്ക്കൊപ്പം വിമാനത്താവളത്തിലെത്തിയിരുന്നു. 
 
ഏഴ് മാസത്തെ വിശ്രമത്തിന് ശേഷമാണ് മഹേഷ് നാരായണന്റെ പാട്രിയറ്റിന്റെ സെറ്റിലേക്ക് മമ്മൂട്ടിയെത്തുന്നത്. ഒക്ടോബർ ഒന്നിനാണ് ചിത്രീകരണം തുടങ്ങുക.
 
"ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ജീവിതത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ചെയ്യാൻ പോകുന്നു. എന്റെ അഭാവത്തിൽ എന്നെ അന്വേഷിച്ചവരോട് നന്ദി പറയാൻ വാക്കുകൾ പോരാ. ദ് കാമറ ഈസ് കോളിങ്"- മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു.
 
ചിത്രത്തിന്റെ 50 ശതമാനം ചിത്രീകരണം പൂർത്തിയായിരുന്നു. മോഹൻലാലും മമ്മൂട്ടിക്കൊപ്പം പാട്രിയറ്റിൽ അഭിനയിക്കുന്നുണ്ട്. നയൻതാര, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ തുടങ്ങിയവരും ചിത്രത്തിന്റെ ഭാ​ഗമാകുന്നുണ്ട്. യുകെ, കൊച്ചി എന്നിവിടങ്ങളിലും ചിത്രീകരണം നടക്കും. കൊച്ചിയിലെ ‌ലൊക്കേഷനിലായിരിക്കും മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച് അഭിനയിക്കുക.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍