മാലിക്ക് സിനിമയെ വിമർശിക്കുന്നവർ സിനിമ മുഴുവനായി കാണാതെയാണ് സംസാരികുന്നതെന്ന് സംവിധായകൻ മഹേഷ് നാരായണൻ. സിനിമ കൃത്യമായി കാണുന്നവർക്ക് അത് മനസിലാകും അല്ലാതെ സംസാരിക്കുന്നവരുടെ പ്രശ്‌നം എന്താണെന്ന് അറിയില്ല. വർഷങ്ങളായി നീതി ലഭിക്കാത്ത ഒരു പ്രശ്‌നത്തിലേക്ക് തന്റെ സിനിമയുടെ പേരിലെങ്കിലും വെളിച്ചം വീശുന്നുണ്ടെങ്കിൽ അത്രയും നല്ലതായാണ് വിശ്വസിക്കുന്നതെന്നും മഹേഷ് നാരായണൻ പറഞ്ഞു.
നാലുനാൾ മുൻപ് പുറത്തിറങ്ങിയ ചിത്രം ഇസ്ലാമോഫോബിയ പരത്തുന്നതാണെന്നും ചരിത്രത്തെ തെറ്റായ രീതിയിൽ വളച്ചൊടിച്ചുവെന്നും പല കോണിൽ നിന്നും വിമർശനമുയരുന്നതിനിടെയാണ് മഹേഷ് നാരായണന്റെ പ്രതികരണം. അഭിപ്രായം പറയാൻ എല്ലാവർക്കും സ്വാതന്ത്രമുണ്ട്. അതിനാൽ തന്നെ അഭിപ്രായങ്ങളെ ഭയന്ന് ഒളിച്ചോടില്ല. ചില ഓൺലൈൻ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വാസ്‌തവ വിരുദ്ധമാണ്.