ദുൽഖറിന്‍റെ 'കുറുപ്പ്' തിയേറ്ററുകളിലേക്ക്, റിലീസ് ഡേറ്റ് ഇതാ !

കെ ആര്‍ അനൂപ്

ചൊവ്വ, 19 ജനുവരി 2021 (19:03 IST)
കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ വേഷത്തിൽ ദുൽഖർ സൽമാൻ എത്തുന്ന ‘കുറുപ്പ്’ റിലീസിനൊരുങ്ങുന്നു. മെയ് 28-ന് ചിത്രം തിയേറ്ററുകളിലെത്തും. നേരത്തെ ഒരു ഒടിടി പ്ലാറ്റ്ഫോമിന് ചിത്രം വിറ്റെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത്തരം പ്രചാരണങ്ങൾ തള്ളിക്കൊണ്ട് ദുൽഖർ സൽമാൻ തന്നെ രംഗത്തെത്തി. അഞ്ചു ഭാഷകളിലായി സിനിമ റിലീസ് ചെയ്യുമെന്നും അത് തിയേറ്ററിൽ ആയിരിക്കുമെന്നും അദ്ദേഹം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
 
ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ദുല്‍ഖറും സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനും കൈകോർക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. സിനിമയ്ക്കുവേണ്ടി അടിപൊളി മേക്കോവറിലാണ് നടൻ എത്തുന്നത്. ഇന്ദ്രജിത്ത് സുകുമാരൻ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തുന്നു. ടോവിനോ തോമസ്, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, ശോഭിത ധൂലിപാല, സുരഭി ലക്ഷ്മി തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.
 
ജിതിൻ കെ ജോസ് ആണ് കുറുപ്പ് എന്ന സിനിമയുടെ കഥ എഴുതിയിരിക്കുന്നത്. കെ എസ് അരവിന്ദ്, ഡാനിയൽ സയൂജ് നായർ എന്നിവർ സംയുക്തമായാണ് തിരക്കഥ രചിച്ചിരിക്കുന്നത്. എം സ്റ്റാർ എന്റർടൈൻമെന്റിനൊപ്പം ചേർന്ന് ദുൽഖർ സൽമാന്റെ വേഫെയർ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്.
 
നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്നു. സുഷിന്‍ ശ്യാം സംഗീതം ഒരുക്കുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍