കിലുക്കത്തില്‍ നായികയാകാന്‍ ആദ്യം തീരുമാനിച്ചത് രേവതിയെ അല്ല ! പിന്നീട് സംഭവിച്ചത്

ഞായര്‍, 15 ഓഗസ്റ്റ് 2021 (08:45 IST)
മലയാളത്തിലെ എക്കാലത്തേയും സൂപ്പര്‍ഹിറ്റാണ് പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പിറന്ന കിലുക്കം. ജഗതി, രേവതി, തിലകന്‍, മുരളി തുടങ്ങി വന്‍ താരനിര ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. കിലുക്കത്തില്‍ രേവതിയുടെ കഥാപാത്രത്തിന്റെ പേര് നന്ദിനി തമ്പുരാട്ടി എന്നാണ്. രേവതിയുടെ കഥാപാത്രം ഇപ്പോഴും മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്നതാണ്. എന്നാല്‍, ഈ കഥാപാത്രം ചെയ്യാന്‍ രേവതിയെയല്ല സംവിധായകന്‍ പ്രിയദര്‍ശന്‍ ആദ്യം തീരുമാനിച്ചിരുന്നത്. 
 
കിലുക്കത്തിനു മുന്‍പ് റിലീസ് ചെയ്ത സിനിമയാണ് പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പിറന്ന 'ചിത്രം'. ഈ സിനിമയില്‍ രഞ്ജിനിയാണ് മോഹന്‍ലാലിന്റെ നായിക. എന്നാല്‍, ചിത്രത്തില്‍ നായികയാകാന്‍ ആദ്യം രേവതിയെയാണ് പ്രിയദര്‍ശന്‍ വിളിച്ചത്. രേവതി ഈ കഥാപാത്രത്തോട് നോ പറഞ്ഞു. ചിത്രം സൂപ്പര്‍ഹിറ്റായി. പ്രിയദര്‍ശന്‍ അടുത്ത സിനിമയിലേക്ക് വിളിച്ചാല്‍ കഥ പോലും കേള്‍ക്കാതെ യെസ് പറയുമെന്ന് രേവതി അന്ന് മനസില്‍ ഉറപ്പിച്ചു. 
 
അങ്ങനെയിരിക്കെയാണ് കിലുക്കത്തിന്റെ കഥ പിറക്കുന്നത്. കിലുക്കത്തില്‍ നായികയായി പ്രിയദര്‍ശന്‍ ആദ്യം തീരുമാനിച്ചത് അമലയെയാണ്. പ്രിയദര്‍ശന്‍ ചിത്രം വന്ദനത്തിന്റെ തെലുങ്ക് റിമേക്കായ നിര്‍ണ്ണയത്തില്‍ അമലയും നാഗാര്‍ജ്ജുനയുമാണ് അഭിനയിച്ചത്. ഇതേ ചിത്രത്തിന്റെ സെറ്റില്‍വച്ചായിരുന്നു പ്രിയദര്‍ശന്‍ അമലയോടു കിലുക്കത്തിലെ നന്ദിനി തമ്പുരാട്ടിയെ കുറിച്ച് സംസാരിക്കുന്നത്. കിലുക്കം ചെയ്യാന്‍ തയ്യാറാണെന്ന് അമല പ്രിയദര്‍ശനോട് പറഞ്ഞു. 1991 മാര്‍ച്ച് മൂന്ന് മുതല്‍ ഏപ്രില്‍ നാല് വരെയുള്ള ഡേറ്റ് അമല കിലുക്കത്തിനായി കൊടുത്തു. 
 
ഈ സമയത്താണ് അമലയും നാഗാര്‍ജുനയും പ്രണയത്തിലാകുന്നത്. ഇരുവരും വിവാഹിതരായി. വിവാഹശേഷം അമല അഭിനയം നിര്‍ത്തുകയാണെന്ന് നാഗാര്‍ജുനയും പിതാവ് അക്കിനേനി നാഗേശ്വര റാവുവും പ്രഖ്യാപിച്ചു. എന്നാല്‍, കിലുക്കത്തില്‍ അഭിനയിക്കാന്‍ പറ്റുമെന്ന പ്രതീക്ഷയില്‍ അമല കാത്തിരുന്നു. നാഗാര്‍ജ്ജുന പറ്റില്ലെന്ന് തറപ്പിച്ചു പറഞ്ഞു. വീട്ടില്‍ നിന്ന് അനുവാദം കിട്ടില്ലെന്ന് ഉറപ്പായപ്പോള്‍ പ്രിയദര്‍ശനോട് തനിക്ക് പകരം മറ്റൊരാളെ അന്വേഷിക്കാന്‍ അമല പറഞ്ഞു. അങ്ങനെയാണ് പ്രിയദര്‍ശന്‍ രേവതിയിലേക്ക് എത്തിയത്. നേരത്തെ ചിത്രം നഷ്ടപ്പെടുത്തിയതില്‍ കുറ്റബോധമുള്ള രേവതി പ്രിയദര്‍ശന് വേഗം വാക്കുകൊടുത്തു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍