പുതിയ തലമുറയ്ക്ക് സിനിമാമേഖലയിലേക്ക് കടന്നു വരാൻ ഏറെ പ്രചോദനമാകുന്നതാണ് അൻപതാമത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന ജനറൽ കൺവീനർ സലിം പി ചാക്കോ. സൂപ്പർ സ്റ്റാറുകൾ അല്ലാത്തവർക്കും മലയാള സിനിമയിൽ നിലനിൽക്കാൻ കഴിയുമെന്നതിന്റെ തെളിവാണ് ഈ വർഷത്തെ അവാർഡ് പ്രഖ്യാപനമെന്നും അദ്ദേഹം പറഞ്ഞു.
എത് വേഷം കിട്ടിയാലും മികവുറ്റതാക്കുന്ന സുരാജ് വെഞ്ഞാറംമൂട്, ഫഹദ് ഫാസിൽ, നിവിൻ പോളി എന്നിവർ മലയാള സിനിമയുടെ നട്ടെല്ലുകളാണ്. കനി കുസൃതി, അന്ന ബെൻ, പ്രിയംവദ കൃഷ്ണൻ, സ്വാസിക വിജയ് എന്നിവർ മലയാള സിനിമയുടെ പുതിയ വാഗ്ദാനങ്ങളാണ്. ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകൻ ദേശീയ - അന്തര്‍ദ്ദേശീയ തലത്തിലും ശ്രദ്ധിക്കപ്പെടുന്നു.
വാസന്തി, കെഞ്ചിര തുടങ്ങിയ ചിത്രങ്ങൾ പ്രേക്ഷകരുടെ മുന്നിൽ എത്തിയിട്ടില്ലെങ്കിലും ഫെസ്റ്റിവലുകളിൽ നേരത്തെ തന്നെ മികച്ച അഭിപ്രായം നേടിയിരുന്നു. കഥകളുടെ പുതുമതന്നെയാണ് കഴിഞ്ഞ വർഷത്തെ ചിത്രങ്ങളിൽ പലതും വിജയം നേടാൻ കാരണം. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വികൃതി, മൂത്തോൻ, കുമ്പളങ്ങി നൈറ്റ്സ്, തൊട്ടപ്പൻ, ഉയരെ, വൈറസ്, ഹെലൻ, ഫൈനൽസ്, തെളിവ്, തണ്ണീർമത്തൻ ദിനങ്ങൾ എന്നിവ മികച്ച സിനിമകളിൽപ്പെടും.
രതീഷ് ബാലകൃഷ്ണൻ പൊതുവാൾ, എ ഡി ഗിരീഷ്, നജീം ഇർഷാദ്,
മധു സി.നാരായണൻ, ഷാഹുൽ അലിയാർ, റഹ്മാൻ ബ്രദേഴ്സ്,
മനോജ് കാന തുടങ്ങിയവർ മലയാള സിനിമയുടെ ഭാവിയിലെ വാഗ്ദാനങ്ങളിൽപ്പെടും.
വിജയ് പി നായർ, കാതറിൻ, ബാസുദേവ് സജീഷ് മാരാർ, സജേഷ് രവി, സുഷിൻ ശ്യാം, കിരൺദാസ്, വിനീത് രാധാകൃഷ്ണൻ, ശ്രുതി രാമചന്ദ്രൻ തുടങ്ങിയവര്‍ ഈ അവാർഡ് പ്രഖ്യാപനത്തിലൂടെ അംഗീകരിക്കപ്പെട്ടു.