‘മഹാനടി’ ഒരു മലയാള ചിത്രമല്ല. പക്ഷേ, മഹാനടിയായി വേഷമിട്ട കീര്‍ത്തി സുരേഷ് മലയാളിയാണ്. നിര്‍മ്മാതാവ് സുരേഷ്കുമാറിന്‍റെയും നടി മേനകയുടെയും മകള്‍. രാജ്യത്തെ മികച്ച നടിക്കുള്ള പുരസ്കാരം കീര്‍ത്തി സുരേഷിന് ലഭിക്കുമ്പോള്‍ അത് മലയാളത്തിനുള്ള അംഗീകാരം കൂടിയാകുന്നു.
മലയാളത്തില്‍ ബാലതാരമായി പൈലറ്റ്സ്, അച്ഛനെയാണെനിക്കിഷ്ടം, കുബേരന്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള കീര്‍ത്തി സുരേഷ് നായികയാകുന്നത് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് റിംഗ്‌മാസ്റ്റര്‍ എന്ന ചിത്രത്തിലും നായികയായ കീര്‍ത്തി അതിനുശേഷം മറ്റ് ഭാഷകളിലേക്ക് പ്രവേശിച്ചു.
അന്യഭാഷകളില്‍ കീര്‍ത്തി തരംഗമായി മാറാന്‍ അധികസമയമൊന്നും വേണ്ടിവന്നില്ല. രജനിമുരുകന്‍, റെമോ, ഭൈരവാ, താനാ സേര്‍ന്ത കൂട്ടം, സീമരാജ, സാമി സ്ക്വയര്‍, സണ്ടക്കോഴി 2, സര്‍ക്കാര്‍ തുടങ്ങിയവയാണ് അന്യഭാഷകളില്‍ കീര്‍ത്തി തിളങ്ങിയ പ്രധാന ചിത്രങ്ങള്‍. ഇതില്‍ മഹാനടി എന്ന തെലുങ്ക് ചിത്രത്തിലെ അഭിനയത്തോടെയാണ് കീര്‍ത്തി സുരേഷ് ഒരു നടി എന്ന നിലയില്‍ അടയാളപ്പെടുത്തപ്പെട്ടത്. അതിലൂടെയാണ് ഇപ്പോള്‍ ദേശീയ അവാര്‍ഡ് കീര്‍ത്തിയെ തേടി എത്തിയതും.