അഭിനയജീവിതത്തിൽ രണ്ട് മാമങ്കങ്ങൾ,അന്ന് പ്രേം നസീറി‌നൊപ്പം ഇന്ന് മമ്മൂട്ടി

അഭിറാം മനോഹർ

ബുധന്‍, 11 ഡിസം‌ബര്‍ 2019 (17:48 IST)
മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രമായ മാമാങ്കം നാളെ റിലീസിന് തയ്യാറെടുക്കുന്നതിന്റെ ആകാംക്ഷയിലാണ് മമ്മൂട്ടി ആരാധകർ. രണ്ട് വർഷങ്ങളോളം നീണ്ട കാത്തിരിപ്പിനൊടുവിൽ ചിത്രം പുറത്തിറങ്ങുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകൾക്കും അതിരുകളില്ല. ഉണ്ണിമുകുന്ദൻ,കനിഹ,അനു സിത്താര,സുദേവ് നായർ,സിദ്ദിഖ് തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ മലയാളത്തിന്റെ പ്രിയപ്പെട്ട അമ്മനടിയായ കവിയൂർ പൊന്നമ്മ കൂടെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 
 
ഏറെ നാളുകൾക്ക് ശേഷം കവിയൂർ പൊന്നമ്മ മലയാളത്തിൽ അഭിനയിക്കുന്നു എന്നത് മാത്രമല്ല ചിത്രത്തിന്റെ പ്രത്യേകത. മലയാളത്തിൽ മാമാങ്കം പശ്ചാത്തലമായി ഒരുങ്ങിയ രണ്ട് ചിത്രങ്ങളിലും അഭിനയിച്ച വ്യക്തി കൂടിയാണ് കവിയൂർ പൊന്നമ്മ.
 
1979ൽ പ്രേം നസീർ, ജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി നവോദയയുടെ ബാനറിൽ മാമാങ്കം എന്ന പേരിൽ തന്നെ ഒരു ചിത്രം റിലീസ് ചെയ്തിരുന്നു. നാൽപ്പത് വർഷങ്ങൾക്ക് മുൻപിറങ്ങിയ ചിത്രത്തിലും കവിയൂർ പൊന്നമ്മ ഉണ്ടായിരുന്നു. ഇപ്പോഴിതാ മമ്മൂട്ടി നായകനായി എത്തുന്ന മാമാങ്കത്തിലും കവിയൂർ പൊന്നമ്മ മറ്റൊരു സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ്. 
 
മലയാളമണ്ണിന്റെ ചാവേറുകളുടെ ചരിത്രം പറയുന്ന രണ്ട് ചിത്രങ്ങളിലും അഭിനയിച്ച ഏക അഭിനേതാവ് എന്ന പ്രത്യേകതയും കയിയൂർ പൊന്നമ്മയ്‌ക്കുണ്ട്. 1979ൽ പുറത്തിറങ്ങിയ മാമങ്കം നവോദയ സ്റ്റുഡിയോയുടെ ബാനറിൽ നവോദയ അപ്പച്ചനാണ് സംവിധാനം ചെയ്തത്. നാൽപ്പത് വർഷങ്ങൾക്ക് ശേഷം അതേ പേരിൽ സിനിമ ചെയ്യാൻ അനുവാദം നൽകിയതിൽ മമ്മൂട്ടി നേരത്തെ നവോദയ സ്റ്റുഡിയോയ്‌ക്ക് നന്ദി പറഞ്ഞിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍