വീണ്ടും ജ്യോതികാവസന്തം, ആകാംക്ഷയിൽ സൂര്യ

വെള്ളി, 15 ജൂലൈ 2016 (15:38 IST)
നടി ജ്യോതിക വീണ്ടും വെള്ളിത്തിരയിലെത്തുന്നു. ഒരുകാലത്ത് തമിഴ് സിനിമകളുടെ സ്ഥിരം നായികയായിരുന്നു ജ്യോതിക. താരം സിനിമയിലേക്ക് വീണ്ടും തിരികെ വരുന്നുവെന്ന കാര്യം ഭർത്താവും നടനുമായ സൂര്യ തന്നെയാണ് അറിയിച്ചത്. കുട്രം കടിത്താല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ബ്രഹ്മയുടെ ചിത്രത്തിലാണ് ജ്യോതിക കേന്ദ്രകഥാപാത്രമാകുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു.
 
ജ്യോതികയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചതായും ഏവരുടേയും പ്രാര്‍ത്ഥനയും അനുഗ്രഹവും ഒപ്പം വേണമെന്നും സൂര്യ ആരാധകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചിത്രത്തെ സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്ന് സൂര്യ പറഞ്ഞു. സിനിമക്ക് വേണ്ടി ജ്യോതിക രണ്ടാഴ്ച നീണ്ടു നിന്ന ആക്ടിംങ് വർക്ക് ഷോപ്പിൽ പങ്കെടുത്തിരുന്നു.
 
സ്ത്രീകേന്ദ്രിതമായി തയ്യാറാക്കിയ ഒരു ത്രില്ലര്‍ ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്. വിവാഹത്തിന് ശേഷം ഏറെ നാള്‍ സിനിമയില്‍ നിന്ന് വിട്ട് നിന്ന ജ്യോതിക കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 36 വയതിനിലെ എന്ന ചിത്രത്തിലൂടെയാണ് ഗംഭീരതിരിച്ചുവരവ് നടത്തിയത്. 

വെബ്ദുനിയ വായിക്കുക