സ്‌കൂളില്‍ ജഗദീഷിന്റെ ജൂനിയറായി മോഹന്‍ലാല്‍; സൂപ്പര്‍താരവുമായി അടുത്ത സൗഹൃദം

ശനി, 12 ജൂണ്‍ 2021 (10:36 IST)
മോഹന്‍ലാല്‍-ജഗദീഷ് കൂട്ടുക്കെട്ടിലെ തമാശകളെല്ലാം മലയാളികള്‍ നന്നായി ആസ്വദിക്കുന്നവയാണ്. ഇരുവരും തമ്മില്‍ മികച്ച കെമിസ്ട്രിയുണ്ട്. സിനിമയില്‍ ഇരുവരും അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. എന്നാല്‍, സിനിമയില്‍ എത്തുന്നതിനു മുന്‍പ് തന്നെ ജഗദീഷും മോഹന്‍ലാലും തമ്മില്‍ അടുത്ത ബന്ധമുണ്ട്. സ്‌കൂള്‍ പഠനക്കാലത്ത് ജഗദീഷിന്റെ ജൂനിയര്‍ ആയിരുന്നു മോഹന്‍ലാല്‍. സ്‌കൂള്‍ പഠനക്കാലം മുതലേ ഇരുവരും തമ്മില്‍ അടുപ്പമുണ്ട്. തിരുവനന്തപുരത്തെ മോഡല്‍ ഗവ.ഹൈസ്‌ക്കൂളിലാണ് ജഗദീഷിന്റെ ജൂനിയര്‍ ആയി മോഹന്‍ലാല്‍ എത്തുന്നത്. ആ സമയത്ത് തന്നെ ഇരുവരും കലാരംഗത്ത് സജീവമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള പരിചയം സിനിമയില്‍ എത്തിയപ്പോള്‍ കൂടുതല്‍ ദൃഢമായി. മോഹന്‍ലാലിന്റെ അടുത്ത് തനിക്ക് കൂടുതല്‍ സ്വാതന്ത്ര്യമുണ്ടെന്ന് ജഗദീഷ് പണ്ടൊരിക്കല്‍ പറഞ്ഞിട്ടുണ്ട്. 

മലയാളികളെ പൊട്ടിച്ചിരിപ്പിച്ച നിരവധി കഥാപാത്രങ്ങള്‍ക്ക് ജന്മം നല്‍കിയ അഭിനേതാവാണ് ജഗദീഷ്. പി.വി.ജഗദീഷ് കുമാര്‍ എന്ന ജഗദീഷ് ഇന്ന് 66-ാം ജന്മദിനം ആഘോഷിക്കുകയാണ്. 1955 ജൂണ്‍ 12 നാണ് ജഗദീഷിന്റെ ജന്മദിനം. 
 
ജഗദീഷിന്റെ പ്രായം കേള്‍ക്കുമ്പോള്‍ പലരും ഞെട്ടാറുണ്ട്. ഇത്ര പ്രായമൊന്നും ഈ മുഖത്ത് നോക്കിയാല്‍ തോന്നില്ലല്ലോ എന്നാണ് ആരാധകരുടെ അഭിപ്രായം. മമ്മൂട്ടിയേക്കാള്‍ നാല് വയസ് കുറവും മോഹന്‍ലാലിനേക്കാള്‍ അഞ്ച് വയസ് കൂടുതലുമാണ് ജഗദീഷിന്. 
 
37 വര്‍ഷത്തോളമായി മലയാള സിനിമയില്‍ സജീവസാന്നിധ്യമാണ് ജഗദീഷ്. 1984 ല്‍ പുറത്തിറങ്ങിയ മൈ ഡിയര്‍ കുട്ടിച്ചാത്തനിലൂടെയാണ് ജഗദീഷ് അഭിനയ ജീവിതത്തിനു തുടക്കം കുറിക്കുന്നത്. ജഗദീഷ് തന്നെ തിരക്കഥ രചിച്ച അക്കരെ നിന്നൊരു മാരന്‍, മുത്താരംകുന്ന് പി.ഒ. എന്നീ സിനിമകളിലെ അഭിനയത്തിലൂടെ അദ്ദേഹം മലയാള സിനിമയിലെ ഹാസ്യതാരങ്ങളില്‍ ഒരാളായി. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍