ജോർജുകുട്ടിയാകാൻ പാരസൈറ്റ്, മെമ്മറീസ് ഓഫ് മർഡർ താരം, കൊറിയൻ ഫ്രാഞ്ചൈസി ഒരുങ്ങുന്നു

തിങ്കള്‍, 22 മെയ് 2023 (17:45 IST)
മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായിരിന്നു. വന്‍ വിജയത്തിന് ശേഷം ചിത്രം കന്നഡ,തെലുങ്ക്,ഹിന്ദി,ചൈനീസ് ഭാഷകളിലേക്കെല്ലാം മൊഴിമാറിയെത്തിയപ്പോഴും അതേ വിജയം ആവര്‍ത്തിച്ചു. അജയ് ദേവ്ഗന്‍ നായകനായെത്തിയ ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.
 
ഇപ്പോഴിതാ കൊറിയന്‍ ഭാഷയിലേക്കും ചിത്രം റീമേയ്ക്ക് ചെയ്യാന്‍ പോകുന്നുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ വെച്ചായിരുന്നു ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം. പാരസൈറ്റ്, മെമ്മറീസ് ഓഫ് മര്‍ഡര്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധേറ്റനായ സോങ് കാങ് ഹോയായിരിക്കും ചിത്രത്തിലെ നായകന്‍. ദൃശ്യത്തിന്റെ 3 പതിപ്പുകളാകും ഒരുക്കുന്നത്. ദൃശ്യത്തിന്റെ ഒറിജിനല്‍ മലയാളമാണെങ്കിലും ഹിന്ദി ചിത്രത്തിന്റെ റീമേയ്ക്ക് എന്ന നിലയിലാണ് പ്രഖ്യാപനം.
 
ദൃശ്യം ഹിന്ദി റിമേയ്ക്ക് നിര്‍മാതാക്കളായ പനോരമ സ്റ്റുഡിയോസും തെക്കന്‍ കൊറിയന്‍ സംയുക്ത ആന്തോളജി സ്റ്റുഡിയോയും ചേര്‍ന്നാകും ചിത്രം നിര്‍മിക്കുക. സോങ് കോങ് ഹോ, സംവിധായകന്‍ കിം ജൂ വൂണ്‍ എന്നിവര്‍ ഉടമകളായുള്ള നിര്‍മ്മാണ കമ്പനിയാണ് ആന്തോളജി സ്റ്റുഡിയോസ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍