ഈ സിനിമയുടെ തകർപ്പൻ വിജയം മറ്റ് ഭാഷകളിലെ സിനിമാപ്രവർത്തകരെയും അമ്പരപ്പിച്ചിക്കുന്നു. നായകനേക്കാൾ സുന്ദരനായ വില്ലൻ. കഥയിൽ പുതുമയൊന്നുമില്ല. ആദ്യം തന്നെ വില്ലനെ പ്രേക്ഷകർക്ക് മനസിലാകുന്നു. പിന്നീട് വില്ലനെ പിടിക്കാനുള്ള നായകൻറെ പരക്കം പാച്ചിലാണ്. കഥ പറയുന്ന രീതിയിലെ പുതുമയും ത്രില്ലുമാണ് തനി ഒരുവനെ ഗംഭീര വിജയമാക്കി മാറ്റിയത്. എന്തായാലും ഹിന്ദി, തെലുങ്ക്, കന്നഡ, ബംഗാളി, മറാത്തി ഭാഷകളിലേക്ക് ഈ സിനിമ റീമേക്ക് ചെയ്യുകയാണ്.
ഇതിൽ, ഹിന്ദി റീമേക്ക് സംവിധാനം ചെയ്യുന്നത് മോഹൻ രാജ തന്നെയാണ്. സാക്ഷാൽ സൽമാൻ ഖാനാണ് ആ സിനിമയിൽ നായകനാകുന്നത്. തനി ഒരുവൻ കണ്ട് ഇഷ്ടമായ സൽമാൻ നേരിട്ട് മോഹൻ രാജയെ സമീപിക്കുകയായിരുന്നു. സൽമാൻ തന്നെ ഈ സിനിമ നിർമ്മിച്ചേക്കുമെന്നും സൂചനയുണ്ട്.
റീമേക്ക് ചിത്രങ്ങൾ മാത്രം സംവിധാനം ചെയ്തിട്ടുള്ള മോഹൻ രാജ സ്വന്തം തിരക്കഥയിൽ എടുത്ത ആദ്യ സിനിമയാണ് തനി ഒരുവൻ. ആദ്യ പത്തുദിവസങ്ങൾ കൊണ്ട് തമിഴ്‌നാട്ടിൽ നിന്നുമാത്രം ചിത്രം 30 കോടിയിലേറെ കളക്ഷൻ നേടി. ഈ രീതിയിൽ മുന്നോട്ടുപോയാൽ തനി ഒരുവൻ 100 കോടി ക്ലബിൽ ഇടം നേടുമെന്ന് തീർച്ചയാണ്. ജയം രവിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി ഈ സിനിമ മാറിയിരിക്കുന്നു.