2012 ഭരിച്ചത് ദിലീപും മോഹന്‍ലാലും!

ശനി, 15 ഡിസം‌ബര്‍ 2012 (18:55 IST)
മമ്മൂട്ടി എന്ന താരചക്രവര്‍ത്തിയുടെ സിംഹാസനം ആടിയുലയുന്നതിന് സാക്‍ഷ്യം വഹിച്ച വര്‍ഷമാണ് 2012. സൂപ്പര്‍ഹിറ്റുകള്‍ തുടര്‍ച്ചയായി സൃഷ്ടിച്ച് മോഹന്‍ലാലും ദിലീപും മലയാള സിനിമ ഭരിച്ച വര്‍ഷം കൂടിയാണിത്.

ഈ വര്‍ഷം ബോക്സോഫീസില്‍ ഏറ്റവും വലിയ വിജയം സൃഷ്ടിച്ചത് ദിലീപാണ്. മോഹന്‍ലാല്‍ തൊട്ടുപിന്നാലെയുണ്ട്. ആദ്യ അഞ്ച് താരങ്ങളില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയില്ല. എന്നാല്‍ ആദ്യ അഞ്ചുപേരില്‍ നാലാം സ്ഥാനത്ത് ദുല്‍ക്കര്‍ സല്‍മാന്‍ കടന്നുവന്നിരിക്കുന്നു എന്നതാണ് ഏറ്റവും കൌതുകകരമായ വിവരം.

1. ദിലീപ്

PRO
ബോക്സോഫീസ് വിജയങ്ങളില്‍ ഒന്നാം സ്ഥാനത്ത് ദിലീപ് എത്തിയിരിക്കുന്നു. ഈ വര്‍ഷം ദിലീപിന്‍റെ ഹിറ്റ് ചിത്രങ്ങളുടെ ഗ്രോസ് കളക്ഷന്‍ 32.7 കോടി രൂപയാണ്.

സ്പാനിഷ് മസാല എന്ന പരാജയ ചിത്രവുമായാണ് ദിലീപ് ഈ വര്‍ഷത്തെ പ്രയാണം ആരംഭിച്ചത്. എന്നാല്‍ അതിന് ശേഷം ‘മായാമോഹിനി’ എന്ന അത്ഭുതം സംഭവിച്ചു. മായാമോഹിനി മാത്രം 20 കോടിയോളം രൂപ സമ്പാദിച്ചു.

പിന്നീട് അരികെ എന്ന ഓഫ് ബീറ്റ് ചിത്രമായിരുന്നു. ചിത്രം പരാജയപ്പെട്ടെങ്കിലും ദിലീപിന്‍റെ അഭിനയപ്രകടനം ശ്രദ്ധിക്കപ്പെട്ടു. അതിനുശേഷമെത്തിയ മിസ്റ്റര്‍ മരുമകന്‍ വലിയ വിജയമായില്ലെങ്കിലും മുതല്‍ മുടക്ക് തിരിച്ചുപിടിച്ചു.

വര്‍ഷാന്ത്യത്തില്‍ എത്തിയ ദിലീപ് സിനിമ മൈ ബോസ് സൂപ്പര്‍ ഹിറ്റായി മാറി. ന്യൂ ജനറേഷന്‍ സിനിമകളുടെ തള്ളിക്കയറ്റത്തിനിടയിലും ബോക്സോഫീസുകള്‍ വാഴാന്‍ അടിപൊളി എന്‍റര്‍ടെയ്നറുകള്‍ക്ക് മാത്രമേ സാധിക്കൂ എന്ന് തെളിയിക്കുകയാണ് മായാമോഹിനിയിലൂടെ ദിലീപ് ചെയ്തത്.

അടുത്ത പേജില്‍ - One and Only Mohanlal!

2. മോഹന്‍ലാല്‍

PRO
വാണിജ്യവിജയത്തില്‍ ഈ വര്‍ഷം രണ്ടാം സ്ഥാനത്ത് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലാണ്. 29 കോടി രൂപയാണ് ഈ വര്‍ഷം മോഹന്‍ലാലിന്‍റെ ഹിറ്റ് ചിത്രങ്ങളെല്ലാം ചേര്‍ന്ന് വാരിക്കൂട്ടിയത്.

ദിലീപിനെപ്പോലെ തന്നെ ഒരു പരാജയചിത്രവുമായാണ് മോഹന്‍ലാലും വര്‍ഷത്തിന് തുടക്കമിട്ടത് - കാസനോവ. എന്നാല്‍ പിന്നീട് കളം നിറഞ്ഞുകളിക്കുന്ന താരരാജാവിനെയാണ് മലയാളം കണ്ടത്. ഗ്രാന്‍റ്മാസ്റ്റര്‍, സ്പിരിറ്റ്, റണ്‍ ബേബി റണ്‍ എന്നിങ്ങനെ തുടര്‍ച്ചയായി വന്‍ ഹിറ്റുകള്‍ സൃഷ്ടിക്കുകയാണ് മോഹന്‍ലാല്‍ ചെയ്തത്.

ഇതില്‍ ജോഷി സംവിധാനം ചെയ്ത റണ്‍ ബേബി റണ്‍ മാത്രം 15 കോടിയില്‍ പരം കളക്ഷന്‍ നേടി. അമാനുഷ കഥാപാത്രങ്ങളെയെല്ലാം പടിയടച്ച് പുറത്താക്കുകയും മികച്ച തിരക്കഥകള്‍ തെരഞ്ഞെടുത്ത് അഭിനയിക്കുകയും ചെയ്യാനുള്ള തീരുമാനമാണ് മോഹന്‍ലാലിനെ മലയാളത്തിന്‍റെ ഏറ്റവും താരമൂല്യമുള്ള നടനായി നിലനിര്‍ത്തുന്നത്.

അടുത്ത പേജില്‍ - ഹിറ്റുകളുടെ രാജകുമാരന്‍!

3. കുഞ്ചാക്കോ ബോബന്‍

PRO
2012ല്‍ പണം വാരിയ സിനിമകള്‍ സൃഷ്ടിച്ച മൂന്നാമത്തെ താരം കുഞ്ചാക്കോ ബോബനാണ്. ചാക്കോച്ചന്‍റെ ഹിറ്റ് സിനിമകളെല്ലാം കൂടി 23.5 കോടി രൂപയാണ് കളക്ഷന്‍ നേടിയത്.

ചാക്കോച്ചന്‍ നായകനായ ‘ഓര്‍ഡിനറി’ നേടിയത് 16 കോടി രൂപയാണ്. എന്നാല്‍ കഴിഞ്ഞ രണ്ടുസിനിമകള്‍ - പോപ്പിന്‍സ്, 101 വെഡ്ഡിംഗ്സ് എന്നിവ ചലനം സൃഷ്ടിക്കാതെ കടന്നുപോയി.

ഒരു വര്‍ഷം അഞ്ച് സിനിമകളില്‍ അഭിനയിക്കാനാണ് കുഞ്ചാക്കോ ബോബന്‍ തീരുമാനിച്ചിരിക്കുന്നത്. മികച്ച തിരക്കഥകളില്‍ അഭിനയിക്കുക എന്നതാണ് ചാക്കോച്ചന്‍ ലക്‍ഷ്യമിടുന്നത്. താന്‍ നായകനാണോ വില്ലനാണോ എന്നതൊന്നും ഈ താരത്തിന് പ്രശ്നമല്ല.

അടുത്ത പേജില്‍ - നാലാമന്‍ ദുല്‍ക്കര്‍!

4. ദുല്‍ക്കര്‍ സല്‍മാന്‍

PRO
ദുല്‍ക്കര്‍ സല്‍മാന്‍ എന്ന താരത്തിന്‍റെ ഉദയം കണ്ട വര്‍ഷമാണ് 2012. ഈ വര്‍ഷം ഏറ്റവും വലിയ ബോക്സോഫീസ് വിജയങ്ങള്‍ സൃഷ്ടിച്ച താരങ്ങളില്‍ നാലാം സ്ഥാനത്താണ് ദുല്‍ക്കര്‍.

ദുല്‍ക്കറിന്‍റെ രണ്ട് ഹിറ്റ് സിനിമകളും കൂടി 13 കോടി രൂപയാണ് കളക്ഷന്‍ നേടിയത്. ഉസ്താദ് ഹോട്ടല്‍ മാത്രം ഒമ്പത് കോടി രൂപയാണ് വാരിക്കൂട്ടിയത്. ആദ്യചിത്രമായ സെക്കന്‍റ് ഷോയും ഹിറ്റായിരുന്നു. എന്നാല്‍ വര്‍ഷാവസാനമെത്തിയ ദുല്‍ക്കര്‍ ചിത്രം ‘തീവ്രം’ തുടക്കത്തില്‍ മികച്ച അഭിപ്രായം നേടിയെങ്കിലും പിന്നീട് തകര്‍ന്നടിഞ്ഞു.

പൃഥ്വിരാജിന്‍റെ തകര്‍ച്ചയ്ക്ക് ശേഷം ആ സ്പേസിലേക്കെത്തിയ താരമായാണ് ദുല്‍ക്കര്‍ സല്‍മാന്‍ വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ പൃഥ്വിയേക്കാള്‍ ബ്രില്യന്‍സ് ദുല്‍ക്കര്‍ കാണിക്കുന്നു എന്നതാണ് പ്രതീക്ഷയ്ക്ക് വക നല്‍കുന്നത്.

അടുത്ത പേജില്‍ - അഞ്ചാമന്‍ അയാള്‍ തന്നെ!

5. ഫഹദ് ഫാസില്‍

PRO
ബോക്സോഫീസ് വിജയങ്ങള്‍ സൃഷ്ടിക്കുന്നതില്‍ അഞ്ചാം സ്ഥാനത്ത് ഈ വര്‍ഷം അയാളാണ്. ആരാണെന്നല്ലേ? കഷണ്ടി കയറിയ തലയുമായി മലയാള സിനിമയുടെ നടുമുറ്റത്ത് കയറി നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന അയാള്‍ - ഫഹദ് ഫാസില്‍!

ഫഹദ് ഫാസിലിന്‍റെ ഹിറ്റ് ചിത്രങ്ങളുടെ മൊത്തം കളക്ഷന്‍ 11 കോടി രൂപയാണ്. 22 ഫീമെയില്‍ കോട്ടയം, ഡയമണ്ട് നെക്ലെയ്സ് എന്നീ സിനിമകള്‍ നൂറുദിവസങ്ങള്‍ പിന്നിട്ടു. നഗരകേന്ദ്രീകൃത സിനിമകളിലൂടെ മള്‍ട്ടിപ്ലക്സ് ക്രൌഡിന് ഏറ്റവും പ്രിയപ്പെട്ട താരമായി ഫഹദ് ഫാസില്‍ മാറി. ഫ്രൈഡേ എന്ന സിനിമ പരാജയമായെങ്കിലും അത് ഒരു മോശം ചിത്രമായിരുന്നില്ല.

വ്യത്യസ്ത പ്രമേയങ്ങളില്‍ അഭിനയിക്കാന്‍, പ്രഡിക്ടബിളായ കഥാപരിസരങ്ങളില്‍ നിന്ന് മാറി സഞ്ചരിക്കാന്‍ എല്ലാം ഫഹദ് പ്രകടിപ്പിക്കുന്ന ധൈര്യമാണ് അദ്ദേഹത്തെ ഈ വര്‍ഷത്തെ വിജയതാരങ്ങളില്‍ ഒരാളാക്കി മാറ്റിയത്.

വെബ്ദുനിയ വായിക്കുക