എം ടി വാസുദേവന്റെ രണ്ടാമൂഴം എന്ന നോവലിനെ ആസ്പദമാക്കി പരസ്യ സംവിധായകൻ വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകൻ മോഹൻലാൽ. ചിത്രത്തിന് മഹാഭാരതം എന്ന് പേരിട്ടു. 1000 കോടി രൂപയാണ് ചിത്രത്തിന്റെ മുതൽ മുടക്ക്. പ്രമുഖ വ്യവസായി ബി ആർ ഷെട്ടിയാണ് ചിത്രം നിർമിയ്ക്കുന്നത്. രണ്ടുവര്‍ഷമായി ചിത്രത്തിന്റെ തിരക്കഥ പഠിക്കുന്നതിന്റെയും ഗവേഷണങ്ങളുടെയും തിരക്കിലാണ് വി എ ശ്രീകുമാര്‍ മേനോന്‍.
എം ടിയുടെ രണ്ടാമൂഴത്തിൽ ഭീമനായിട്ടാണ് മോഹൻലാൽ വേഷമിടുന്നത്. മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി, തെലുങ്ക് അടക്കം നൂറ് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. കഴിഞ്ഞ കുറേ വർഷങ്ങളായി നീട്ടിവെച്ചിരിക്കുന്ന പ്രൊജക്ടാണ് രണ്ടാമൂഴം. രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്. അടുത്ത വർഷം സെപ്തംബറിന് ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ ഷൂട്ടിഗ്ഗ് ആരംഭിക്കും.
തനിയ്ക്ക് ലഭിച്ച വലിയ ഭാഗ്യമാണിതെന്ന് മോഹൻലാൽ പറയുന്നു. മഹാഭാരതക്കഥകൾ കേട്ട് വളർന്ന ബാല്യമാണ് എന്റേതെന്നും താരം പറയുന്നു. ഇതിഹാസങ്ങളുടെ ഇതിഹാസമാണ് മഹാഭാരതം. മഹാഭാരതം പോലെ എന്നെ ആഴത്തിൽ സ്വാധീനിച്ച കൃതിയാണ് രണ്ടാമൂഴം. എത്ര പ്രാവശ്യം ഈ നോവൽ വായിച്ചിട്ടുണ്ടെന്ന് എനിക്ക് പോലുമറിയില്ലെന്ന് താരം പറയുന്നു.
രണ്ടാമൂഴം സിനിമയാകുമ്പോൾ അതിൽ ഭീമനാകാൻ കഴിയുക എന്നത് മഹാഭാഗ്യമാണ്. എന്നിലർപ്പിച്ചിരിക്കുന്ന വിശ്വാസത്തിന് എംടിയോട് നന്ദി പറയുന്നു. ഇത് ലോകത്തിന് മുന്നിൽ എത്തിക്കേണ്ടത് അതിന്റെ എല്ലാ ദൃശ്യഭംഗിയും ആവിഷ്കരിച്ചു കൊണ്ടായിരിക്കണം. ലോക നിലവാരത്തിനിണങ്ങിയ ബഡ്ജറ്റ് ആവശ്യമുണ്ട്. ഇതിന് മുന്നിട്ടിറങ്ങിയ ഷെട്ടിയെ ഞാൻ സല്യൂട്ട് ചെയ്യുന്നു. വരും തലമുറയ്ക്കായിട്ടാണ് ഈ സിനിമ ഒരുക്കുന്നതെന്ന് മോഹൻലാൽ പറയുന്നു.