“നെരുപ്പ് ഡാ....” - കബാലിയുടെ പുതിയ ടീസര്‍; “നാന്‍ വന്തിട്ടേന്‍‌ന്ന് സൊല്ല്... തിരുമ്പി വന്തിട്ടേന്‍‌ന്ന്...”

വ്യാഴം, 16 ജൂണ്‍ 2016 (21:32 IST)
ആരാധകരെ കോരിത്തരിപ്പിച്ചുകൊണ്ട് കബാലിയുടെ പുതിയ ടീസര്‍ പുറത്തുവന്നു. ‘നെരുപ്പ് ഡാ’ എന്ന സോംഗ് ടീസറാണ് എത്തിയിരിക്കുന്നത്. അസാധാരണമായ ഊര്‍ജ്ജമുള്ള, രജനി ആരാധകരെ ആവേശത്തിന്‍റെ കൊടുമുടിയിലെത്തിക്കുന്ന ടീസറാണ് പുറത്തുവിട്ടിട്ടുള്ളത്.
 
“നാന്‍ വന്തിട്ടേന്‍‌ന്ന് സൊല്ല്... തിരുമ്പി വന്തിട്ടേന്‍‌ന്ന്...” എന്ന പഞ്ച് ഡയലോഗ് തന്നെയാണ് ഈ ടീസറിന്‍റെ ഹൈലൈറ്റ്. “ഭയമാ? ഹഹഹഹ...” എന്ന് കബാലി പുച്ഛിച്ച് ചിരിക്കുന്നതില്‍ നിന്ന് ആരംഭിക്കുന്ന ടീസര്‍ ഒട്ടേറെ ആക്ഷന്‍ രംഗങ്ങളിലൂടെയാണ് വികസിക്കുന്നത്. 
 
തല നരച്ച കബാലിയെയും ചെറുപ്പക്കാരനായ കബാലിയെയും കാണാമെന്നുള്ളതാണ് ഈ ടീസറിന്‍റെ പ്രത്യേകത. ഈ രണ്ട് പ്രായത്തിലുള്ള നായകര്‍ക്കും ആക്ഷന്‍ രംഗങ്ങള്‍ ആവോളമുണ്ടെന്നതാണ് ടീസറിന്‍റെ ഹൈലൈറ്റ്.
 
സന്തോഷ് നാരായണന്‍ ഈണമിട്ട ‘നെരുപ്പ് ഡാ’ എന്ന പാട്ട് പഞ്ചിന്‍റെ അവസാനവാക്കാണ്. ‘കബാലി ജീ...’ എന്ന വിളിയോടെ ഒരാള്‍ കബാലിക്ക് മുന്നില്‍ മുട്ടുകുത്തുന്ന രംഗവും ജപ്പാനില്‍ നിന്നുള്ള വില്ലന്‍‌മാരുടെ എന്‍‌ട്രിയുമെല്ലാം ടീസറിനെ അതിഗംഭീരമാക്കുന്നു.
 
പാ രഞ്ജിത് സംവിധാനം ചെയ്ത കബാലി ഒരു അധോലോക നായകന്‍ നേരിടുന്ന വെല്ലുവിളികളുടെ ത്രില്ലടിപ്പിക്കുന്ന ചിത്രീകരണമാണ്.

വെബ്ദുനിയ വായിക്കുക