‘യാന്‍’ മൊറോക്കോയില്‍, ജീവയുടെ തകര്‍പ്പന്‍ ആക്ഷനും തുളസിയുടെ ഗാനങ്ങളും!

ശനി, 29 ജൂണ്‍ 2013 (15:53 IST)
PRO
തമിഴകത്തെ യുവ നായകന്‍‌മാരില്‍ പ്രേക്ഷകപ്രീതി ഏറെ നേടാനായ നടനാണ് ജീവ. ‘കോ’ എന്ന ചിത്രത്തിലൂടെ യുവ സൂപ്പര്‍താരം എന്ന പദവിയിലെത്തിയ ജീവ ഇപ്പോള്‍ ‘യാന്‍’ എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. യാനിന് ഒരു പ്രത്യേകതയുണ്ട്. ചിത്രം സംവിധാനം ചെയ്യുന്നത് മലയാളിയും ബോളിവുഡിലെയും കോളിവുഡിലെയും സൂപ്പര്‍ ക്യാമറാമാനുമായ രവി കെ ചന്ദ്രനാണ്. രവിയുടെ തന്നെ തിരക്കഥയിലാണ് ഈ സിനിമയൊരുങ്ങുന്നത്.

മൊറോക്കോയില്‍ ‘യാന്‍’ അവസാനഘട്ട ചിത്രീകരണം നടക്കുകയാണ്. ജീവ ഉള്‍പ്പെടുന്ന ആക്ഷന്‍ സീനുകളും ജീവയും തുളസിയും ഒന്നിക്കുന്ന ഗാനരംഗങ്ങളുമാണ് മൊറോക്കോയില്‍ ചിത്രീകരിക്കുന്നത്.

“സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവന്ന ശേഷം പലരും എന്നോട് ചോദിച്ചത് ഇതൊരു ആക്ഷന്‍ ചിത്രമാണോ എന്നാണ്. എന്നാല്‍ ഇതിനെ ഒരു റൊമാന്‍റിക് ഫിലിം എന്ന് വിളിക്കാനാണ് എനിക്കിഷ്ടം. നല്ലൊരു പ്രണയകഥ, ഒന്നാന്തരം ആക്ഷന്‍ സീനുകളും” - രവി കെ ചന്ദ്രന്‍ പറയുന്നു.

‘കടല്‍’ എന്ന സിനിമയില്‍ കാണുമ്പോള്‍ തടിച്ചിരുന്ന തുളസി യാനില്‍ ഏറെ ഭാരം കുറച്ചതിന് ശേഷമാണ് അഭിനയിച്ചത്. നാസര്‍, പ്രകാശ് രാജ്, പ്രേംജി അമരന്‍, തമ്പി രാമയ്യ, ജെ പി തുടങ്ങിയവരും യാനിന്‍റെ ഭാഗമാകുന്നു. ചെന്നൈ, മുംബൈ, ഹൈദരാബാദ്, മൊറോക്കോ, ആന്‍ഡമാന്‍ എന്നിവിടങ്ങളിലായാണ് ‘യാന്‍’ പൂര്‍ത്തിയാകുന്നത്.

തലസ്ഥാനം, സ്ഥലത്തെ പ്രധാന പയ്യന്‍സ്, ഏകലവ്യന്‍, മാഫിയ, ദി കിംഗ്, വിരാസത്ത്, മിന്‍സാരക്കനവ്, കണ്ണെഴുതി പൊട്ടും തൊട്ട്, ദില്‍ ചാഹ്‌താ ഹൈ, കന്നത്തില്‍ മുത്തമിട്ടാല്‍, കോയി മില്‍ ഗയാ, ബോയ്സ്, ആയുധ എഴുത്ത്, ബ്ലാക്ക്, ഫനാ, പഹേലി, സാവരിയാ, റബ് നേ ബനാ ദി ജോഡി, ഗജിനി, മൈ നെയിം ഈസ് ഖാന്‍, ഏഴാം അറിവ്, അഗ്നീപഥ് തുടങ്ങിയവയാണ് രവി കെ ചന്ദ്രന്‍ ക്യാമറ ചലിപ്പിച്ച സിനിമകള്‍.

വെബ്ദുനിയ വായിക്കുക