‘ആ‍ടുജീവിതം’ - ഫഹദ് ഫാസില്‍ നായകന്‍!

വെള്ളി, 4 ഒക്‌ടോബര്‍ 2013 (17:44 IST)
PRO
ബെന്യാമിന്‍റെ ‘ആടുജീവിതം’ ബ്ലെസി സിനിമയാക്കുന്നതായി ഏറെക്കാലമായി കേള്‍ക്കുന്ന വാര്‍ത്തയാണ്. പൃഥ്വിരാജ്, വിക്രം, മോഹന്‍ലാല്‍ തുടങ്ങി പല പേരുകളും ഈ പ്രൊജക്ടുമായി ബന്ധപ്പെട്ട് ഉയര്‍ന്നുകേട്ടു. എന്നാല്‍ പ്രൊജക്ട് എങ്ങുമെത്തിയില്ല.

ഒരു മികച്ച അഭിനേതാവിനെയാണ് ഈ സിനിമയിലെ നായകനാവാന്‍ ആവശ്യമെന്നും അദ്ദേഹത്തിന്‍റെ അഭിനയസമര്‍പ്പണം ചിത്രത്തിന് ആവശ്യമാണെന്നും ബ്ലെസി അടുത്തിടെ പറയുകയും ചെയ്തു. ഒടുവിലായി ലഭിക്കുന്ന റിപ്പോര്‍ട്ടുകളില്‍ ആടുജീവിതത്തിലെ നായകനായി ഉയര്‍ന്നുകേള്‍ക്കുന്ന പേര് ഫഹദ് ഫാസിലിന്‍റേതാണ്.

ഗള്‍ഫ് മരുഭൂമികളില്‍ ആടുകളുടെ കാവല്‍ക്കാരനായി പുറം‌ലോകം കാണാതെയും ഭക്ഷണം കഴിക്കാതെയും കുളിക്കാതെയും അടിമജീവിതം അനുഭവിക്കേണ്ടിവന്ന ചെറുപ്പക്കാരന്‍റെ കഥ. വിധിയുടെ ചതിക്കുഴിയില്‍ പെട്ട അവന്‍റെ മാനസികാഘാതങ്ങള്‍. ചിന്തകള്‍. ഇതെല്ലാമാണ് ‘ആടുജീവിതം’ എന്ന സിനിമയ്ക്കായി ബ്ലെസി പകര്‍ത്തുക. താന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിനായി എത്ര കഷ്ടപ്പെടാനും തയ്യാറുള്ള നടനാണ് ഫഹദ് ഫാസില്‍. അതുകൊണ്ടുതന്നെ ആടുജീവിതത്തിന് ഏറ്റവും അനുയോജ്യനായ നടന്‍ ഫഹദ് ഫാസില്‍ തന്നെയാണ്.

പൃഥ്വിരാജിനെ വച്ച് ഈ സിനിമ തുടങ്ങും എന്നുതന്നെ കരുതിയതാണ്. നോവലിലെ കേന്ദ്ര കഥാപാത്രമാകാനായി പൃഥ്വി ഇരുപത് കിലോയെങ്കിലും ഭാരം കുറയ്ക്കേണ്ടിവരും. അത് പൃഥ്വി സമ്മതിച്ചതുമാണ്. എന്നാല്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ സമയം ചിത്രീകരണത്തിനും മറ്റുമായി വേണ്ടിവരും എന്നതുകൊണ്ട് അത് പൃഥ്വി ചെയ്യുന്ന മറ്റ് പ്രൊജക്ടുകളെയും ബാധിക്കും.

“ആടുജീവിതം ഞാന്‍ ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. മനുഷ്യനും മൃഗവും ഒന്നായിത്തീരുന്ന ഒരു അവസ്ഥയെയാണ് ആ നോവലില്‍ ഞാന്‍ ദര്‍ശിച്ചത്. ആ അവസ്ഥയെ, അനുഭവത്തെ സിനിമയിലേക്ക് പകര്‍ത്തുക എന്നതാണ് വെല്ലുവിളി” - ബ്ലെസി പറയുന്നു.

അതേസമയം, ഫഹദ് ഫാസിലിനെ നായകനാക്കിയുള്ള പ്രൊജക്ടിനെപ്പറ്റിയൊന്നും അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ലെന്നും ബ്ലെസി അറിയിക്കുന്നു. താന്‍ ഇപ്പോള്‍ മറ്റ് പല കാര്യങ്ങളുമായി ബന്ധപ്പെട്ട് ബിസിയാണെന്നും പുതിയ സിനിമയെ പറ്റി ആലോചന തുടങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക