ഹോളിവുഡ് സിനിമ; സംവിധാനവും നായകനും കമല്‍!

തിങ്കള്‍, 11 ജൂണ്‍ 2012 (13:57 IST)
PRO
PRO
ഹോളിവുഡില്‍ വെന്നിക്കൊടി പറപ്പിക്കാന്‍ കഴിഞ്ഞിട്ടുള്ള ചില സം‌വിധായകരേ നമുക്ക് ഉണ്ടായിട്ടുള്ളൂ. സൂപ്പര്‍ ഹിറ്റുകള്‍ ഒരുക്കിയ മനോജ് നൈറ്റ് ശ്യാമളനും മികച്ച ചിത്രങ്ങള്‍ ഒരുക്കിയ ശേഖര്‍ കപൂറുമൊക്കെ ഉദാഹരണങ്ങള്‍. ത്രീഡിയില്‍ ഡ്രാക്കുള ഒരുക്കിക്കൊണ്ട് ഈ നിരയിലേക്ക് മലയാളിയായ രൂപേഷ് പോളും എത്തിയിട്ടുണ്ട്. കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ നല്ല നിരൂപകശ്രദ്ധയാണ് രൂപേഷ് പോളിന്റെ ഡ്രാക്കുളയ്ക്ക് ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ ‘ഉലകനായകന്‍’ കമലാഹാസനും ഹോളിവുഡ് സ്വപ്നങ്ങള്‍ നെയ്യുകയാണ്. അടുത്തുതന്നെ കമലാഹാസന്‍ ഒരു ഹോളിവുഡ് സിനിമ ഒരുക്കും. സിനിമ സം‌വിധാനം ചെയ്യുന്നതും സിനിമയിലെ നായകനാകുന്നതും കമല്‍ തന്നെ.

ഈയടുത്ത ദിവസം സിംഗപ്പൂരില്‍ ഇന്ത്യന്‍ ഫിലിം അക്കാദമി ഫെസ്റ്റിവല്‍ നടന്നിരുന്നു. ഈ ഫെസ്റ്റിവലില്‍ കമലാഹാസന്റെ പുതിയ സിനിമയായ ‘വിശ്വരൂപ’ത്തിലെ ചില ദൃശ്യങ്ങള്‍ കാണിച്ചിരുന്നു. ഫെസ്റ്റിവലില്‍ ‘ലോര്‍ഡ് ഓഫ് ദ റിംഗ്സ്’ എന്ന പേരില്‍ മൂന്ന് ബ്രഹ്മാണ്ഡ സിനിമകള്‍ നിര്‍മിച്ച ബേരി ഓസ്ബോണ്‍ പ്രത്യേക ക്ഷണിതാവായിരുന്നു. കമലാഹാസനും ബേരി ഓസ്ബോണും ഫെസ്റ്റിവലിനിടെ ചര്‍ച്ചയും നടത്തിയിരുന്നു. ഈ ചര്‍ച്ചയെ പറ്റി ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിനിടയിലാണ് താന്‍ ഒരു ഹോളിവുഡ് സിനിമ സം‌വിധാനം ചെയ്യാന്‍ പോകുന്നുവെന്ന് മാധ്യമപ്രവര്‍ത്തകരോട് കമല്‍ വെളിപ്പെടുത്തിയത്.

“ഇന്ത്യന്‍ ഫിലിം അക്കാദമി ഫെസ്റ്റിവലില്‍ എന്റെ പുതിയ ചിത്രമായ വിശ്വരൂപത്തിന്റെ ചില ദൃശ്യങ്ങള്‍ കാണിച്ചിരുന്നു. എല്ലാവരും ഈ ദൃശ്യങ്ങളെ മുക്തകണ്ഠം പ്രശംസിച്ചുവെന്നത് എനിക്ക് ഏറെ ആത്മവിശ്വാസം തരുന്നു. മാത്രമല്ല, എനിക്ക് ഹോളിവുഡില്‍ ഒരു സിനിമയൊരുക്കാന്‍ ഒരവസരവും ലഭിച്ചിട്ടുണ്ട്. ലോര്‍ഡ് ഓഫ് ദ റിംഗ്സ് എന്ന സിനിമയൊരുക്കിയ ബേരി ഓസ്ബോണ്‍ ആണ് ഈ സിനിമ നിര്‍മ്മിക്കുക. ബേരിയോട് ഞാന്‍ ഒമ്പത് കഥ പറഞ്ഞു. അതിലൊരെണ്ണം ബേരിക്ക് ഇഷ്ടവുമായി.”

“സിനിമ ഞാന്‍ സം‌വിധാനം ചെയ്യണമെന്നും നായകനായി അഭിനയിക്കണമെന്നും ബേരി എന്നോട് ആവശ്യപ്പെടുകയായിരുന്നു. ഹോളിവുഡ് ഒരു സാഗരമാണ്. അതുകൊണ്ടുതന്നെ, ഇത്ര വലിയ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ എനിക്ക് കഴിവുണ്ടോ എന്ന് ഞാനാദ്യം സംശയിച്ചു. എന്നാല്‍ ബേരിയുടെ കടും‌പിടുത്തത്തിന് മുന്നില്‍ ഞാന്‍ സമ്മതിക്കേണ്ടി വന്നു. വിശ്വരൂപം പോലൊരു സിനിമ ചെയ്യാമെങ്കില്‍ ഹോലുവുഡ് സിനിമയും വഴങ്ങും എന്നൊക്കെയാണ് ബേരി എന്നോട് പറഞ്ഞിരിക്കുന്നത്. നോക്കാം.”

“വിശ്വരൂപം എന്ന സിനിമയുടെ സൌണ്ട് മിക്സിംഗ് ജോലികള്‍ക്കായി സിംഗപ്പൂരില്‍ വന്നപ്പോഴാണ് ഞാനാദ്യമായി ബേരിയെ കാണുന്നത്. വിശ്വരൂപത്തിന്റെ ചില ഭാഗങ്ങള്‍ കണ്ട ബേരി വീണ്ടും രണ്ട് തവണ കൂടി വിശ്വരൂപത്തിന്റെ ഭാഗങ്ങള്‍ കാണാന്‍ മിക്സിംഗ് സ്റ്റുഡിയോയിലേക്ക് വരികയുണ്ടായി. ഒരു പ്രാവശ്യം ബേരിയുടെ കമ്പനിയിലെ മറ്റ് പാര്‍ട്ട്‌ണര്‍മാരുമായാണ് ബേരി എത്തിയത്. അവര്‍ക്കും വിശ്വരൂപം ഇഷ്ടമായി. എന്തായാലും, ഹോളിവുഡ് സിനിമയുടെ തിരക്കഥ ഒരുക്കുന്ന പണിയിലാണ് ഞാനിപ്പോള്‍. മാസത്തില്‍ ഒരാഴ്ച ഇതിനായി ഞാന്‍ മാറ്റിവയ്ക്കും” - കമല്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക