സൂര്യ നല്‍കിയത് അരമണിക്കൂര്‍, വിക്രം എടുത്തത് നാലര മണിക്കൂര്‍ !
ശനി, 2 ജനുവരി 2016 (16:04 IST)
വിക്രം കെ കുമാര്‍ എന്ന സംവിധായകന്‍ തമിഴ് - തെലുങ്ക് - ഹിന്ദി പ്രേക്ഷകര്‍ക്ക് അപരിചിതനല്ല. യാവരും നലം എന്ന തമിഴ് ചിത്രത്തിലൂടെയും ‘മനം’ എന്ന തെലുങ്ക് ചിത്രത്തിലൂടെയും ‘13 ബി’ എന്ന ഹിന്ദിചിത്രത്തിലൂടെയും അദ്ദേഹം ഹിറ്റുകള്‍ സമ്മാനിച്ചു.
മനം എന്ന തെലുങ്ക് ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യണം എന്ന ആഗ്രഹത്തോടെയാണ് തമിഴ് സൂപ്പര്‍താരം സൂര്യ വിക്രം കെ കുമാറിനെ വിളിക്കുന്നത്. എന്നാല്‍ വിക്രം പറഞ്ഞത് തന്‍റെ കൈയില്‍ ഒരു സയന്‍സ് ഫിക്ഷന്‍ കഥയുണ്ടെന്നും അത് കേട്ടുനോക്കി ഇഷ്ടമായില്ലെങ്കില്‍ മനം റീമേക്ക് ചെയ്യാമെന്നുമാണ്. സൂര്യ സമ്മതിച്ചു.
അര മണിക്കൂറാണ് കഥ പറയാനായി സൂര്യ വിക്രം കെ കുമാറിന് അനുവദിച്ചത്. എന്നാല്‍ കഥ പറഞ്ഞ് പൂര്‍ത്തിയാക്കാന്‍ വിക്രം കെ കുമാര്‍ നാലര മണിക്കൂറെടുത്തു. ഈ സമയമത്രയും കഥ കേട്ട് ത്രില്ലടിച്ച് കണ്ണിമചിമ്മാതെ, കാതുകൂര്‍പ്പിച്ച് കേട്ടിരിക്കുകയായിരുന്നു സൂര്യ!
കഥ കേട്ടുകഴിഞ്ഞയുടന്‍ സൂര്യ പറഞ്ഞു - ഇത് ചെയ്യുന്നു. ആ സിനിമയാണ് ‘24’. തമിഴകം ഈ വര്‍ഷം ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍. മൂന്ന് കഥാപാത്രങ്ങളെയാണ് സൂര്യ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അതില്‍ ഒന്ന് ‘ആത്രേയ’ എന്ന വില്ലന്‍ കഥാപാത്രം.
സമാന്തയാണ് 24ലെ നായിക. നിത്യാ മേനോനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സംഗീതം - എ ആര്‍ റഹ്‌മാന്‍. സൂര്യയുടെ നിര്‍മ്മാണക്കമ്പനിയായ 2ഡിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.