സൂര്യ - ഗൌതം ടീമിന്‍റെ ‘ധ്രുവനക്ഷത്രം’, ദീപിക പദുക്കോണ്‍ നായിക

തിങ്കള്‍, 15 ഏപ്രില്‍ 2013 (21:20 IST)
PRO
ഒടുവില്‍ വിജയം ഗൌതം വാസുദേവ് മേനോന് തന്നെ. സൂര്യയുടെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത് ഗൌതമാണെന്ന് ഉറപ്പായി. ചിത്രത്തിന് ‘ധ്രുവനക്ഷത്രം’ എന്ന് പേരിട്ടു. ദീപിക പദുക്കോണാണ് നായിക. ഒരിടവേളയ്ക്ക് ശേഷം ഹാരിസ് ജയരാജും ഗൌതം മേനോനും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ പ്രൊജക്ടിനുണ്ട്. സൂര്യയുടെ താരമൂല്യം പരമാവധി മുതലെടുക്കുന്ന ഒരു ആക്ഷന്‍ എന്‍റര്‍ടെയ്നറായിരിക്കും ഈ സിനിമ.

നേരത്തേ, ‘തുപ്പറിയും ആനന്ദന്‍’ എന്നൊരു പിരീയഡ് മൂവിയുടെ തിരക്കഥയാണ് ഗൌതം സൂര്യയ്ക്ക് വേണ്ടി തയ്യാറാക്കിയിരുന്നത്. എന്നാല്‍ ആ തിരക്കഥയില്‍ സൂര്യ താല്‍പ്പര്യം കാണിച്ചില്ല. ഒടുവില്‍ ആ കഥ അജിത്തിനെ നായകനാക്കി ഗൌതം ആലോചിച്ചു. അതും നടന്നില്ല. വിജയിനെ നായകനാക്കി ‘യോഹന്‍: അധ്യായം ഒണ്‍‌റ്’ എന്ന പ്രൊജക്ട് ഷൂട്ടിംഗ് ഡേറ്റ് വരെ ഫിക്സ് ചെയ്ത ശേഷം ഉപേക്ഷിച്ചു. ഒടുവില്‍ പുതിയ തിരക്കഥയുമായി സൂര്യയെ തന്നെ സമീപിക്കാന്‍ ഗൌതം മേനോന്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ അവിടെ പ്രശ്നങ്ങള്‍ തുടങ്ങി. സൂര്യയ്ക്കായി ഒരു അടിപൊളി സ്ക്രിപ്ട് ഒരുക്കി ഹിറ്റ്‌മേക്കര്‍ ലിങ്കുസാമിയും രംഗത്തെത്തി. സൂര്യയുടെ അടുത്ത പടം ചെയ്യുന്നത് താനാണെന്നും മേയില്‍ ഷൂട്ടിംഗ് ആരംഭിക്കുമെന്നും ലിങ്കുസാമി പ്രഖ്യാപിച്ചു. അടുത്ത സൂര്യച്ചിത്രം താനാണ് ഒരുക്കുന്നതെന്ന് ഗൌതം മേനോനും പ്രതികരിച്ചു. ഒടുവില്‍, ലിങ്കുസാമിയാണ് സൂര്യയുടെ അടുത്ത പടത്തിന്‍റെ സംവിധായകന്‍ എന്ന് സ്ഥിരീകരിച്ചുകൊണ്ട് റിപ്പോര്‍ട്ടുകള്‍ എത്തി.

പക്ഷേ കാര്യങ്ങള്‍ ഇപ്പോള്‍ മാറിമറിഞ്ഞിരിക്കുകയാണ്. സൂര്യയുടെ മേയ് മാസത്തിലെ ഡേറ്റുകള്‍ ഗൌതം മേനോന് തന്നെ ലഭിച്ചു. അതേസമയം ലിങ്കുസാമിയുടെ പ്രൊജക്ട് ഓഗസ്റ്റിലേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

വെബ്ദുനിയ വായിക്കുക