സുരേഷ്ഗോപി അഭിനയിക്കുന്ന ചിത്രത്തിന് ബജറ്റ് 70 കോടി!
തിങ്കള്‍, 25 ജൂണ്‍ 2012 (20:24 IST)
PRO
സുരേഷ്ഗോപി അഭിനയിക്കുന്ന ഒരു ചിത്രത്തിന് പരമാവധി എത്ര ബജറ്റ് വരും. നാല് അല്ലെങ്കില്‍ അഞ്ചുകോടി. വേണമെങ്കില്‍ പത്തുകോടി വരെ ആകാം അല്ലേ? എങ്കില്‍ കേട്ടോളൂ, സുരേഷ്ഗോപിയുടെ പുതിയ ചിത്രത്തിന് ബജറ്റ് എഴുപത് കോടി!
ഞെട്ടേണ്ടതില്ല, സുരേഷ്ഗോപി ഈ ചിത്രത്തില്‍ നായകനല്ല. നായകന്‍ തമിഴ് സൂപ്പര്‍സ്റ്റാര്‍ വിക്രം. സംവിധായകനോ, സാക്ഷാല്‍ ഷങ്കര്‍. അതേ, ഷങ്കര്‍ സംവിധാനം ചെയ്യുന്ന ‘ഐ’ എന്ന ചിത്രമാണ് എഴുപത് കോടി ബജറ്റില്‍ ഒരുങ്ങുന്നത്. ആസ്കാര്‍ രവിചന്ദ്രനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഒരുങ്ങുന്ന ‘ഐ’യില്‍ വിക്രമിന്‍റെ സഹോദരനായാണ് സുരേഷ്ഗോപി അഭിനയിക്കുന്നത്. സാമന്തയാണ് നായിക. എ ആര്‍ റഹ്മാന്‍ സംഗീതസംവിധാനം നിര്‍വഹിക്കുന്ന സിനിമയുടെ ഛായാഗ്രഹണം പി സി ശ്രീറാം. ഷങ്കറിന്‍റെ തിരക്കഥയ്ക്ക് സുബയാണ് സംഭാഷണങ്ങള്‍ രചിക്കുന്നത്. ‘ഐ’ ഒരു റൊമാന്‍റിക് ത്രില്ലര്‍ ആയിരിക്കുമെന്ന് ഷങ്കര്‍ അറിയിച്ചു.
മുമ്പ് മലയാളത്തില്‍ രണ്ട് സുരേഷ്ഗോപി ചിത്രങ്ങളില്‍ ചെറുവേഷങ്ങളില്‍ വിക്രം അഭിനയിച്ചിട്ടുണ്ട്. ഷാജി കൈലാസ് സംവിധാനം ചെയ്ത മാഫിയയില്‍ സുരേഷ്ഗോപിയുടെ സഹോദരനായാണ് വിക്രം അഭിനയിച്ചത്. ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്ത രജപുത്രനില്‍ സുരേഷ്ഗോപിയുടെ സഹായിയായി വിക്രം എത്തി. എന്തായാലും കാലം മാറിയപ്പോള്‍, വിക്രമിന്‍റെ സഹോദരനായി ഷങ്കര്‍ ചിത്രത്തിന്‍റെ ഭാഗമാകാനുള്ള അവസരമാണ് സുരേഷ്ഗോപിക്ക് ലഭിച്ചിരിക്കുന്നത്.