സംവൃതയുടെ വിവാഹവാര്‍ത്ത തെറ്റ്!

ചൊവ്വ, 10 ജനുവരി 2012 (20:18 IST)
PRO
മലയാളത്തിന്‍റെ പ്രിയനായിക സംവൃത സുനില്‍ ഉടന്‍ വിവാഹിതയാകുമെന്നും കോഴിക്കോട് സ്വദേശി അഖിലാണ് വരനെന്നുമുള്ള വാര്‍ത്ത കഴിഞ്ഞദിവസം മിക്ക മാധ്യമങ്ങളും ആഘോഷിച്ചു. അഭിനയിക്കാനറിയാവുന്ന ഒരു നടി കൂടി വിവാഹിതയായി സിനിമയോട് വിട പറയാനൊരുങ്ങുകയാണെന്ന് സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ ചര്‍ച്ചകള്‍ പൊടിപൊടിച്ചു. എന്തായാലും സംവൃതയുടെ ആരാധകര്‍ക്ക് തല്‍ക്കാലം ആശ്വസിക്കാം, ആ വിവാഹവാര്‍ത്ത തെറ്റാണ്!

സംവൃതയുടെ വിവാഹം ഉടനില്ലെന്ന് അറിയിച്ചിരിക്കുന്നത് സംവൃതയുടെ മാതാപിതാക്കള്‍ തന്നെയാണ്. സംവൃത വിവാഹിതയാകുന്നു എന്ന രീതിയില്‍ പ്രചരിച്ച വാര്‍ത്തകള്‍ തങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയതെന്ന് അവര്‍ പറയുന്നു.

യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇതാണ്. കോഴിക്കോട് സ്വദേശി അഖിലിന്‍റെ (കക്ഷി കാലിഫോര്‍ണിയയില്‍ എഞ്ചിനീയറാണ്) വിവാഹാലോചന സംവൃതയ്ക്ക് വന്നു എന്നത് സത്യം. ഇരുവീട്ടുകാര്‍ക്കും ഇഷ്ടമാകുകയും ചെയ്തു. വിവാഹത്തിന് താല്‍പ്പര്യവുമുണ്ട്. ജാതകം ഒത്തുനോക്കി പൊരുത്തം കാണുകയും ചെയ്തു.

എന്നാല്‍ വിവാഹം ഉറപ്പിച്ചിട്ടില്ല. അന്തിമമായ തീരുമാനം എടുത്തിട്ടില്ല. അതിനിടെയാണ് ഈ ആലോചനയെക്കുറിച്ചറിഞ്ഞ ഒരാള്‍ സംഗതി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തത്. എന്തായാലും ഒരു വിവാഹാലോചന വന്നപ്പോഴേക്കും അത് വിവാഹം ഉറപ്പിച്ചെന്ന രീതിയില്‍ പ്രചരിപ്പിച്ചത് വലിയ വിഷമമുണ്ടാക്കിയെന്നും സംവൃതയുടെ വിവാഹം ഉടനില്ലെന്നും മാതാപിതാക്കള്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക