ഷാരൂഖിനെ കുറിച്ചു പുസ്തകം

FILEFILE
ബോളീവുഡ് ബാദ്‌ഷായെ കുറിച്ച് നിങ്ങള്‍ക്കെന്തെങ്കിലും അറിയാമോ? വെള്ളിത്തിരയിലെ സൂപ്പര്‍ താരം ‘ഷാരൂഖ് ഖാനിലെ’ മനുഷ്യനെ ഇന്ത്യക്ക്‌ മനസിലാക്കി കൊടുക്കുകയാണ് പ്രമുഖ സിനിമാ മാധ്യമപ്രവര്‍ത്തക അനുപമ ചോപ്ര. മുപ്പത്‌ മണിക്കൂറിലേറെ ഷാരൂഖുമായി സംസാരിച്ച്‌ നാല്‌ വര്‍ഷം കൊണ്ട് എഴുതിയ പുസ്തകത്തില്‍ ഷാരൂഖിന്‍റെ ഹൃദയ രഹസ്യങ്ങള്‍ അനുപമ വെളിപ്പെടുത്തുന്നു.

‘കിങ്ങ്‌ ഓഫ്‌ ബോളിവുഡ്‌’ എന്നാണ് പുസ്തകത്തിന്‍റെ പേര്. ‘ബോളിവുഡ്‌ സുല്‍ത്താന്‍‌’ ഷാരുഖിനെ കുറിച്ചും അദ്ദേഹത്തിന്‍റെ ജീവിതത്തേ കുറിച്ചും വ്യക്തമായ വിവരങ്ങള്‍ പുസ്തകം നല്‍കുന്നു. ഷാരൂഖുമായി ബന്ധപ്പെട്ട സിനിമലോകത്തും പുറത്തും എണ്‍പതിലേറെ പേരുമായി അനുപമ അഭിമുഖം നടത്തുകയുണ്ടായി.

ബോളീവുഡ്‌ അടക്കിവാണ രാജ്കപുറിന്‍റെയും ദിലീപ്‌ കുമാറിന്‍റേയും ജന്‍‌മസ്ഥലമായ പെഷവാറില്‍ നിന്നാണ്‌ ഷാരൂഖും ബോളീവുഡില്‍ എത്തുന്നത്‌. അഛനുണ്ടായിരുന്ന അഭിനയ ഭ്രാന്ത് തന്നെയായിരുന്നു ഷാരൂഖിനും ലഭിച്ചത്. അച്ഛന്‍ മീര്‍ താജ്‌ മൊഹമ്മദ്‌ നടന്‍ ആകാന്‍ വേണ്ടി മുംബൈയിലേക്ക്‌ വണ്ടി കയറിയ ആളാണ്‌. ‘മുഗല്‍ ഇ അസമില്‍’ അഭിനയിക്കാന്‍ അവസരം തേടി അദ്ദേഹം കറങ്ങി നടന്നിരുന്നു.

‘മുഗള്‍ ഇ അസമിന്‍റെ’ അസിസ്റ്റന്‍റായിരുന്ന അനില്‍ കുമാറിന്‍റെ അച്ഛന്‍ സുരീന്ദര്‍ കുമാറും മീര്‍താജും അവിടെ വച്ച്‌ പരിചയപ്പെട്ടിരുന്നു. ഒടുവില്‍ സിനിമയുടെ ക്രൂരമായ വാണിജ്യ മുഖം താങ്ങാനാകാതെ മീര്‍ മടങ്ങുക ആയിരുന്നു. ഫര്‍ണീച്ചര്‍, ലോറി വ്യവസായത്തിലൂടെ അദ്ദേഹം സിനിമമോഹം പിന്നീട് ഉപേക്ഷിച്ചതായി പുസ്തകം വെളിപ്പെടുത്തുന്നു.

ബോളീവുഡില്‍ തന്‍റെ മകന്‍റെ വളര്‍ച്ച കാണാനും പിതാവിനായില്ല. പതിനഞ്ചു വയസ്സുള്ളപ്പോള്‍ ഷാരൂഖിന്‍റെ അഛന്‍ മരിച്ചു. യുവ നടന്‍ ഹൃദിക്കുമായുള്ള ബന്ധത്തെ കുറിച്ചും കിംഗ്ഖാന്‍ പുസ്തകത്തില്‍ പറയുന്നു. ഹൃത്വക്കിന്‍റെ വളര്‍ച്ചയില്‍ താന്‍ അസൂയാലുവാണെന്ന്‌ ചിത്രീകരിക്കാന്‍ വേണ്ടിയുള്ള മാധ്യമ വേട്ടകളെ കുറിച്ചാണ് ഷാരൂഖ് തുറന്നു കാട്ടുന്നത്.

‘കഹോ ന പ്യാര്‍ ഹെ’യിലൂടെ ഹൃത്വിക് റോഷന്‍ നായക സ്ഥാനത്തേക്ക്‌ കുതിച്ചുയര്‍ന്ന കാലഘട്ടത്തില്‍ കന്നി നിര്‍മ്മാണ സംരംഭമായ ‘ഫിര്‍ ഭീ ദില്‍മേം ഹിന്ദുസ്ഥാനി’യുടെ പരാജയം ഷാരൂഖിനെ തളര്‍ത്തി. അനുപമുയുടെ പുസ്തകം ഷാരൂഖിന്‍റെ ജീവചരിത്രമാണെങ്കില്‍ സ്വന്തം ജീവിതത്തെ കുറിച്ച്‌ ഷാരൂഖ്‌ തന്നെ എഴുതുന്ന പുസ്തകവും അണിയറയില്‍ രൂപപ്പെട്ടു വരികയാണ്‌.

വെബ്ദുനിയ വായിക്കുക