ശ്രീനിയെഴുതുന്നു, മമ്മൂട്ടിയുടെ ഗംഭീര കുടുംബചിത്രം!

ശനി, 21 നവം‌ബര്‍ 2015 (13:47 IST)
മോഹന്‍ലാല്‍ - സത്യന്‍ അന്തിക്കാട്, ജയറാം - സത്യന്‍ അന്തിക്കാട്, ശ്രീനിവാസന്‍ - സത്യന്‍ അന്തിക്കാട് എന്നീ കൂട്ടുകെട്ടുകള്‍ മലയാള സിനിമാ ബോക്‌സോഫീസിനെ പണം കൊണ്ട് നിറച്ചവയാണ്‌. എന്നാല്‍ അത്രയൊന്നും വിജയിച്ച കൂട്ടുകെട്ടല്ല സത്യന്‍ അന്തിക്കാട് - മമ്മൂട്ടി കൂട്ടുകെട്ട്. വലിയ വിജയങ്ങള്‍ ഉണ്ടായില്ലെങ്കിലും പ്രേക്ഷകരെ നിരാശപ്പെടുത്തിയ ഒരു സിനിമ പോലും ഈ ടീമില്‍ നിന്ന് ഉണ്ടായിട്ടില്ല എന്നത് വസ്‌തുത.
 
ഇപ്പോഴിതാ, മമ്മൂട്ടിയും സത്യന്‍ അന്തിക്കാടും വീണ്ടും ഒന്നിക്കുകയാണ്. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും സത്യനും ഒരുക്കുന്നത് നര്‍മ്മത്തില്‍ പൊതിഞ്ഞ സാമൂഹ്യപ്രസക്തിയുള്ള ഒരു കുടുംബ ചിത്രമാണെന്നാണ്‌ വിവരം. ശ്രീനിവാസനാണ് ഈ സിനിമയ്ക്ക് തിരക്കഥയെഴുതുന്നത്. ഗോളാന്തരവാര്‍ത്തയിലെ രമേശന്‍ നായരെപ്പോലെ രസകരമായ ഒരു കഥാപാത്രമാണ്‌ മമ്മൂട്ടിക്കായി അണിയറയില്‍ ഒരുങ്ങുന്നത്.
 
കഥ പറയുമ്പോള്‍, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, ഒരു മറവത്തൂര്‍ കനവ്, അഴകിയ രാവണന്‍, മഴയെത്തും മുന്‍‌പേ, ഗോളാന്തരവാര്‍ത്ത, ശ്രീധരന്റെ ഒന്നാം തിരുമുറിവ്, നന്ദി വീണ്ടും വരിക, ഒരു കഥ ഒരു നുണക്കഥ തുടങ്ങിയവയാണ് മമ്മൂട്ടിക്ക് വേണ്ടി ശ്രീനിവാസന്‍ രചന നിര്‍വഹിച്ച സിനിമകള്‍. ഇത്തവണയും ഒരു മികച്ച കുടുംബചിത്രം ശ്രീനിയുടെ തൂലികയില്‍ നിന്ന് പ്രതീക്ഷിക്കാം.
 
1997ല്‍ ഒരാള്‍ മാത്രം എന്ന സിനിമയാണ്‌ മമ്മൂട്ടി - സത്യന്‍ കൂട്ടുകെട്ടില്‍ അവസാനം വന്നത്. ശ്രീധരന്റെ ഒന്നാം തിരുമുറിവ്, അര്‍ത്ഥം, കളിക്കളം, കനല്‍ക്കാറ്റ്, ഗോളാന്തരവാര്‍ത്ത, നമ്പര്‍ വണ്‍ സ്നേഹതീരം ബാംഗ്ളൂര്‍ നോര്‍ത്ത് എന്നിവയാണ്‌ ഈ ടീമിന്റെ മറ്റ് ചിത്രങ്ങള്. കിന്നാരം, ഗാന്ധിനഗര്‍ സെക്കന്റ് സ്‌ട്രീറ്റ് എന്നീ സത്യന്‍ അന്തിക്കാട് സിനിമകളില്‍ മമ്മൂട്ടി അതിഥി താരമായി അഭിനയിച്ചിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക