വീണ്ടും കാവ്യാ മാധവന്റെ നാളുകള്‍

PRO
PRO
മലയാളിക്ക് സ്വന്തം കുടുംബത്തിലെ കുട്ടിയെപ്പോലെയാണ് കാവ്യാ മാധവന്‍. ബാലതാരമായി സിനിമയിലെത്തിയ കാവ്യ തിരക്കുള്ള നായികയായി മാറിയപ്പോഴും മലയാളിക്ക് ആ അടുപ്പം കുറഞ്ഞില്ല. ദാമ്പത്യ ജീവിതത്തിലെ അസ്വാരസ്യങ്ങളെ തുടര്‍ന്ന് കാവ്യ വിവാഹമോചിതയാകാന്‍ തീരുമാനിച്ചപ്പോള്‍ ഇന്നാട്ടുകാരും ആ കുട്ടിയുടെ സങ്കടത്തില്‍ ഒപ്പം ചേര്‍ന്നു. ഇപ്പോഴിതാ കാര്‍മേഘങ്ങളൊക്കെ പെയ്തൊഴിഞ്ഞിരിക്കുന്നു. വെള്ളിത്തിരയില്‍ കാവ്യ മിന്നും തിരിച്ചുവരവാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

കമല്‍ സംവിധാനം ചെയ്ത ഗദ്ദാമയിലെ നായിക വേഷം നിരൂപപ്രശംസയും പ്രേക്ഷക പ്രീതിയും ഒരുപോലെയാണ് കാവ്യക്ക് നേടിക്കൊടുത്തത്. മണലാരിണ്യത്തിലെ ആയയാകേണ്ടി വന്ന പെണ്‍കുട്ടിയുടെ വേഷം കാവ്യക്ക് വേണ്ടി കാത്തിരിക്കുകയായിരുന്ന് എന്ന് തോന്നിപ്പോയി എന്നാണ് സിനിമാ പ്രമുഖര്‍ പറയുന്നത്.

ഗദ്ദാമയിലെ പ്രകടനത്തിലൂടെ കാവ്യ, നയന്‍‌താര സ്വപ്നം കണ്ടിരുന്ന മികച്ച നടിക്കുള്ള പുരസ്കാരത്തിന് കനത്ത വെല്ലുവിളി ഉയര്‍ത്തിരിക്കുകയാണ്. 2010ലെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നയന്‍‌താര ഏതാണ്ട് ഉറപ്പിച്ചിരിക്കുകയായിരുന്നു. ശ്യാമപ്രസാദ് ചിത്രമായ ഇലക്ട്രയിലെ നായിക വേഷം അവതരിപ്പിച്ച നയന്‍‌താര ചലച്ചിത്രോത്സവങ്ങളില്‍ നിരൂപകപ്രശംസ പിടിച്ചുപറ്റിയിരുന്നു. എന്നാല്‍, അറബി നാട്ടില്‍ അടിമപ്പണി ചെയ്യേണ്ടി വരുന്ന അശ്വതി എന്ന പെണ്‍കുട്ടിയുടെ വേഷം അനശ്വരമാക്കിയ കാവ്യ 2010ലെ മികച്ച നടിക്കുള്ള സംസ്ഥാന, ദേശീയ പുരസ്കാരങ്ങള്‍ വാരിക്കൂട്ടും എന്നാണ് വിലയിരുത്തപ്പെടുന്നത്. (ഗദ്ദാമ 2011ലാണ്‌ റിലീസ്‌ ചെയ്‌തതെങ്കിലും ചിത്രത്തിന്റെ സെന്‍സറിംഗ്‌ സെര്‍ട്ടിഫിക്കേഷന്‍ നടപടികള്‍ 2010ല്‍ പൂര്‍ത്തിയായിരുന്നു.)

ഇനി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങളിലും കാവ്യയ്ക്ക് ഏറെ പ്രതീക്ഷയാണ് ഉള്ളത്. ഒന്ന് മള്‍ട്ടി സ്റ്റാര്‍ ചിത്രമായ ക്രിസ്റ്റ്യന്‍ ബ്രദേഴ്സ് ആണ്. മോഹന്‍ലാല്‍ പ്രഥാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ദിലീപിന്റെ ജോടിയായാണ് കാവ്യ അഭിനയിക്കുന്ന. ഷുവര്‍ ചാര്‍ട്ടിലുള്ള ഈ ചിത്രം സൂപ്പര്‍ ഹിറ്റാകുമെന്നാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയായാല്‍ കാവ്യയുടെ ക്രെഡിറ്റില്‍ വീണ്ടും കൊമേഴ്സ്യല്‍ ഹിറ്റ് ചേര്‍ക്കപ്പെടും.

ദേശീയ പുരസ്കാര ജേതാവ് പ്രിയനന്ദനന്‍ പതിവ് രീതികളില്‍ നിന്ന് വ്യത്യസ്തമായി ഒരുക്കിയ ‘ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്‘ എന്ന ചിത്രമാണ് കാവ്യയുടേതായി റിലീസ് ചെയ്യാനിരിക്കുന്ന മറ്റൊരു ചിത്രം. അഭിനയശേഷി പ്രകടിപ്പിക്കാനാകുന്ന കേന്ദ്ര കഥാപാത്രത്തെയാണ് ചിത്രത്തില്‍ കാവ്യ അവതരിപ്പിച്ചിരിക്കുന്നത്. ഒരു പ്രത്യേകമായ സാഹചര്യത്തില്‍ ആള്‍ദൈവമായി മാറേണ്ടി വരുന്ന സും‌ഗല ദേവി എന്ന കുടുംബിനിയായാണ് കാവ്യ ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ കാവ്യ മികച്ച അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത് എന്നാണ് സംവിധായകന്‍ അഭിപ്രായപ്പെടുന്നത്.

ഏതായാലും വീണ്ടും കാവ്യയുടെ നല്ല നാളുകള്‍ വരികയാണ്. നിരവധി ശക്തമായ കഥാപാത്രങ്ങള്‍ കാവ്യയെ കാത്തിരിക്കുന്നുണ്ടാകും. ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഇന്നുള്ള നടിമാരില്‍ കാവ്യയാണ് അനുയോജ്യമെന്ന അഭിപ്രായവും സിനിമാലോകത്ത് കേട്ടുതുടങ്ങിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക