ലാല്‍ സിനിമാ ക്യാമറാമാന്‍!

വ്യാഴം, 1 മാര്‍ച്ച് 2012 (18:49 IST)
PRO
സംവിധായകനും നടനും നിര്‍മ്മാതാവുമായ ലാല്‍ സിനിമാ ഛായാഗ്രാഹകനാകുന്നു. ഏത് സിനിമയ്ക്കാണ് ലാല്‍ ക്യാമറ കൈകാര്യം ചെയ്യുന്നതെന്ന് ആലോചിച്ച് കാടുകയറേണ്ട. ഒരു സിനിമയിലെ കഥാപാത്രത്തിന്‍റെ കാര്യമാണ് പറഞ്ഞുവന്നത്. ‘ഹസ്ബന്‍‌ഡ്സ് ഇന്‍ ഗോവ’ എന്ന ചിത്രത്തിലാണ് ലാല്‍ ക്യാമറാമാനായി അഭിനയിക്കുന്നത്.

സണ്ണി ഏബ്രഹാം എന്നാണ് കഥാപാത്രത്തിന്‍റെ പേര്. ആള്‍ അല്‍പ്പം തരികിടയാണ്. ഒരുപാട് ചുറ്റിക്കളികള്‍ നടത്തുന്ന മാന്യന്‍. എന്തായാലും ഇയാളുടെ വിക്രിയകള്‍ക്ക് ഇരയാകാന്‍ മൂന്ന് ചെറുപ്പക്കാരെ അവിചാരിതമായി കിട്ടി. മൂന്ന് ഭര്‍ത്താക്കന്‍‌മാര്‍!

ഇന്ദ്രജിത്ത്, ആസിഫ് അലി, ജയസൂര്യ എന്നിവരാണ് ഹസ്ബന്‍ഡ്സ് ഇന്‍ ഗോവയിലെ നായകന്‍‌മാര്‍. ഇവര്‍ ഭാര്യമാരുടെ ഉപദ്രവത്തില്‍ നിന്ന് താല്‍ക്കാലികമായെങ്കിലും രക്ഷപ്പെടാനായി ഗോവയിലേക്ക് ഒരു യാത്ര പോകുകയാണ്. ട്രെയിനില്‍‌വച്ച് ഇവര്‍ സിനിമാ ക്യാമറാമാനായ സണ്ണിയെ പരിചയപ്പെടുന്നു. ഇതോടെ ഇവരുടെ ജീവിതം തന്നെ മാറിമറിയുന്നു.

യു ടി വി മോഷന്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ഹസ്ബന്‍ഡ്സ് ഇന്‍ ഗോവയുടെ രചന കൃഷ്ണ പൂജപ്പുര. സംവിധാനം സജി സുരേന്ദ്രന്‍. സംഗീതം എം ജി ശ്രീകുമാര്‍. ഭാമ, റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.

ഫോര്‍ ഫ്രണ്ട്സ്, കുഞ്ഞളിയന്‍ എന്നീ സിനിമകളുടെ പരാജയത്തിന് ശേഷം ഒരു വിജയത്തിനായി ദാഹിക്കുന്ന സജി സുരേന്ദ്രന് കരിയറിലെ നിര്‍ണായക ചിത്രമായി മാറിയിരിക്കുകയാണ് ഹസ്ബന്‍ഡ്സ് ഇന്‍ ഗോവ.

വെബ്ദുനിയ വായിക്കുക